പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമതാണ് മേയറുടെ സ്ഥാനമെങ്കിലും തന്നെ കാണുമ്പോൾ പോലീസ് മുഖം തിരിക്കുകയാണ്. സല്യൂട്ട് നൽകണമെന്നും ആവർത്തിച്ച് പറഞ്ഞിട്ടും ഇതുണ്ടാകുന്നില്ല. എം കെ വർഗീസിനെ ആരും ബഹുമാനിക്കേണ്ടതില്ല. എന്നാൽ മേയർ എന്ന പദവിയെ ബഹുമാനിച്ചേ മതിയാകു. വ്യക്തിപരമായ അനുഭവമാണ് പരാതിയിലുള്ളതെന്നും മേയർ വ്യക്തമാക്കുന്നുണ്ട്.
ബഹുമാനം കാണിക്കാത്ത പോലീസ് സമീപനം ബന്ധപ്പെട്ട പോലീസ് അധികൃതരെ അറിയിച്ചിരുന്നു. കമ്മീഷണറെയും എംഎൽഎയേയും കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സല്യൂട്ട് നൽകാൻ ഉത്തരവിറക്കണമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ ഡിജിപിയുടെ ഓഫീസ് തൃശൂർ റേഞ്ച് ഡിഐജിക്ക് നിർദേശം നൽകി. തനിക്ക് വ്യക്തിപരമായ നേട്ടത്തിനല്ല ഈ പരാതി ഉന്നയിച്ചതെന്നും ഈ പദവിയിലിരിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് കത്തയച്ചതെന്നും തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് വ്യക്തമാക്കുന്നുണ്ട്.