തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചത് അത്യപൂർവ സംഭവം. പൊതുവേ പ്രകോപിതനാകാത്ത പാമ്പാണ് രാജവെമ്പാല. ഇന്ത്യയിൽ ഇതുവരെഔദ്യോഗികമായി നാല് പേരാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് സ്നേക്ക് പീഡിയ ടീം അംഗം സന്ദീപ് ദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മരണപ്പെട്ട ഹർഷാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവൂ. സാധാരണയായി ഇവ ആളുകളെ കടിക്കാറില്ല. പാമ്പുകളെ പരിപാലിക്കുമ്പോൾ വളരെയേറെ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മാർഗരേഖയുണ്ട്. ഹർഷാദിന്റെ ശരീരത്തിൽ എവിടെയാണ് കടിയേറ്റതെന്ന് വ്യക്തമല്ല. കൈയിലോ കാലിലോ മാത്രമല്ല, ശരീരത്തിൽ എവിടെ വേണമെങ്കിലും രാജവെമ്പാല കടിച്ചേക്കാം. എന്താണ് സംഭവിച്ചതെന്ന് അറിയാൻ വനം വകുപ്പ് കൃത്യമായ അന്വേഷണം നടത്തുമെന്നും സന്ദീപ് ദാസ് പറഞ്ഞു.
അപകടകാരികളായ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ ബിഗ് ഫോർ വിഭാഗത്തിൽപ്പെട്ട പാമ്പുകളെ പോലെ ഉപദ്രവകാരിയല്ല രാജവെമ്പാല. മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയുടെ വിഷത്തിന് വീര്യവും കുറവാണ്. എന്നാൽ ഇതിന്റെ വിഷസഞ്ചിയിൽ 6-7 മില്ലി വരെ വിഷമുണ്ടാകും. മറ്റു പാമ്പുകൾക്ക് ഇതിന്റെ പത്തിലൊന്ന് വിഷം മാത്രമേ സംഭരിക്കാൻ സാധിക്കു. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. വിഷത്തിന്റെ അളവ് കൂടുതലായതിനാൽ ഒരു കടിയേൽക്കുമ്പോൾ തന്നെ കൂടുതൽ വിഷം മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കും. നിമിഷ നേരത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടാൻ ഇതാണ് കാരണമെന്നും സന്ദീപ് ദാസ് പറഞ്ഞു.
ഒരു കടിയിൽ 20 മനുഷ്യനെ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാൻ രാജവെമ്പാലയ്ക്ക് സാധിക്കും. പരമാവധി അഞ്ചര മീറ്റർ വരെയാണ് ഇവയുടെ നീളം. ഒമ്പത് കിലോഗ്രാം വരെ ഭാരവുണ്ടാകും. 18-20 വയസ് വരെ ഇവ ജീവിക്കും. മുഖ്യമായും മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. മറ്റു ചെറുജീവികളേയും ഇവ ഭക്ഷണമാക്കാറുണ്ട്. പ്രധാനമായും വനമേഖലയിൽ കാണുന്ന ഇവ പൊതുവേ സൗമ്യപ്രകൃതക്കാരനാണ്.
ആവാസവ്യവസ്ഥ ഉൾവനത്തിലായതിനാൽ ഉപദ്രവകാരിയുമല്ല. മനുഷ്യസാന്നിധ്യം ഉണ്ടായാൽ അവിടെനിന്നും മാറിനിൽക്കും. ജനവാസ കേന്ദ്രങ്ങളിലെത്തിപ്പെട്ടാൽ ആളുകൾ ശല്യംചെയ്താലും നീളത്തിന്റെ മൂന്നിലൊരു ഭാഗം തറയിൽ നിന്നുയർന്ന് പത്തി വിടർത്തി പേടിപ്പിക്കുകയല്ലാതെ കടിക്കാറില്ല.
രാജവെമ്പാലയുടെ കടിയേറ്റാൽ കുത്തിവെക്കാനുള്ള ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ലെന്നതും പ്രധാനപ്പെട്ട വിഷയമാണ്. തായ്ലാൻഡിൽനിന്നുള്ള ആന്റിവെനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുതന്നെ എത്രത്തോളം ഫലപ്രദമാണെന്ന് ധാരണയില്ല. കാരണം തായ്ലാൻഡിൽ കാണുന്ന രാജവെമ്പാലകൾക്കുള്ള ആന്റിവെനമാണിത്. ഇന്ത്യയിലുള്ള രാജവെമ്പാലകൾക്ക് ഇതിൽനിന്ന് വ്യത്യാസമുണ്ടാകും. അതിനാൽ ഇവ നമ്മുടെ നാട്ടിൽ എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ഇത്തരം പഠന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രാജവെമ്പാലയുടെ കടിയേൽക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്. അപൂർവമായി മാത്രമേ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഉപയോഗം വരാത്തതിനാലാണ് ഇതിനുള്ള ആന്റിവെനം ലഭ്യമല്ലാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ പാമ്പിൻകൂട് വൃത്തിയാക്കുന്നതിനിടെയാണ് കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. 13 വർഷത്തോളമായി മൃഗശാലയിൽ വന്യജീവികൾക്കൊപ്പമായിരുന്നു ഹർഷാദിന്റെ ജീവിതം. മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലകൾ ചത്തതിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പുതിയതായി മൂന്ന് രാജവെമ്പാലകളെ മംഗളൂരുവിൽനിന്നും എത്തിച്ചത്. മൂന്ന് മാസമായതിനാൽ ഹർഷാദുമായി രാജവെമ്പാല ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കടിയേറ്റ ഉടൻ ഹർഷാദിന് ആന്റി വെനം കുത്തിവെപ്പ് നൽകിയില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. മൃഗശാലയിലെ ജീവനക്കാർക്ക് പാമ്പ് കടിയേറ്റാൽ മൃഗശാലയിൽവെച്ചുതന്നെ ആന്റി വെനം കുത്തിവെപ്പ് നൽകണം. എന്നാൽ, ഹർഷാദിന്റെ കാര്യത്തിൽ ഇതുപാലിച്ചില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തിയിരുന്നു.
സ്നേക്ക് പീഡിയ,സർപ്പ ആപ്പ്
പാമ്പുകളെ തിരിച്ചറിയാനും കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നൽകാനും സൗകര്യപ്രദമായുള്ള ആപ്പാണ് സ്നേക്ക് പീഡിയ. ആന്റിവെനം എവിടെയെല്ലാം ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഡോക്ടർമാരും ഗവേഷകരും ചേർന്ന് നിർമിച്ച ആപ്പാണിത്. റെസ്ക്യൂ ഓപ്പറേഷനായി വനം വകുപ്പിന്റെ സർപ്പ എന്ന മൊബൈൽ ആപ്പും ലഭ്യമാണ്.
content highlights:king cobra bite, king cobra antivenom, king cobra venom