കൊച്ചി
വ്യാഴാഴ്ച അർധരാത്രി പിന്നിട്ടപ്പോൾ മഹാരാജാസ് കോളേജിന്റെ കിഴക്കേ മതിലിൽ വിദ്യാർഥികൾ വീണ്ടും ആ മുദ്രാവാക്യം എഴുതി; മൂന്നുവർഷംമുമ്പ് മതതീവ്രവാദികൾ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ 12.45ന്. അഭിമന്യു അവസാനമായി കുറിച്ച മുദ്രാവാക്യം––‘വർഗീയത തുലയട്ടെ’. നേതാക്കളും പ്രവർത്തകരും അതേറ്റുവിളിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ എട്ടിന് മഹാരാജാസിലെ രക്തസാക്ഷിസ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. വർഗീയവിരുദ്ധസദസ്സും സംഘടിപ്പിക്കും. ജില്ലയിൽ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. അഭിമന്യു അനുസ്മരണയോഗം 11ന് കലൂർ അഭിമന്യു സ്മാരക മന്ദിരത്തിൽ നടക്കും. അഭിമന്യു സ്മാരക പഠനഗവേഷണ കേന്ദ്രം ചെയർമാൻ സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. ആദിവാസി, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണവും നടക്കും. എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലെ രക്തസാക്ഷിമണ്ഡപം അനാച്ഛാദനച്ചടങ്ങിൽ പങ്കെടുക്കും.
മൂന്നുവർഷംമുമ്പ് രാത്രി 12.45നാണ് മഹാരാജാസ് കോളേജിൽ എസ്ഡിപിഐ––-ക്യാമ്പസ് ഫ്രണ്ട് സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. നവാഗതരെ വരവേൽക്കാൻ കോളേജ് ഗേറ്റിൽ ‘വർഗീയത തുലയട്ടെ’ എന്ന മതിലെഴുത്തും ഒരുക്കങ്ങളും നടത്തുന്നതിനിടെയായിരുന്നു ആക്രമണം. പ്രവർത്തകരായ വിനീതിനും അർജുൻ കൃഷ്ണയ്ക്കും കുത്തേറ്റു.
പ്രധാന പ്രതികളായ 16 പേരും പിടിയിലായി. കേസിന്റെ പ്രാരംഭവിചാരണ തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പഠിച്ച് തൊഴിൽ നേടുന്നതിനൊപ്പം സഹജീവികളെയും കൈപിടിച്ചുയർത്തണമെന്നതായിരുന്നു അഭിമന്യുവിന്റെ സ്വപ്നം. അത് സാക്ഷാൽക്കരിച്ച് അവന്റെ പ്രസ്ഥാനവും സഹപാഠികളും കലൂരിൽ അഭിമന്യു സ്മാരകം പണിതുയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ജനങ്ങളിൽനിന്ന് സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപകൊണ്ട് നിർമിച്ച സ്മാരകം, 2020 ഡിസംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
വട്ടവടയിൽ നിർമിച്ച വീട് പിണറായി വിജയൻ അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയും പിഎസ്സി പരിശീലനകേന്ദ്രവും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചുകഴിഞ്ഞു.