തൃശൂർ
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി എത്തിച്ച കുഴൽപ്പണം കവർച്ച ചെയ്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. കവർച്ചയിൽ നേരിട്ട് പങ്കാളിയായ 15–-ാംപ്രതി കണ്ണൂർ മൊട്ടമ്മൽ ഷിൽന നിവാസിൽ ഷിഗിൽ (30), ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപടിക്കൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം തിരുപ്പതിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവർ 22 ആയി.
തെളിവ് നശിപ്പിക്കാൻ ബിജെപി നേതാക്കൾ ഇടപെട്ടതായി പിടിയിലായവർ മൊഴി നൽകി. ബംഗളൂരു, ഷിംല, ഡെൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി ഇവർ സമ്മതിച്ചു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മോഷ്ടിച്ച പണത്തിന്റെ വലിയ പങ്ക് ഇവരുടെ പക്കലുണ്ടെന്നാണ് സൂചന. നിലവിൽ 1.40 കോടി രൂപ അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷകസംഘം നൽകുന്ന സൂചന.