കൊച്ചി
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചത് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ജുഡീഷ്യൽ കമീഷൻ നിയമനം ഭരണഘടനയുടെ 131–-ാം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇഡിക്ക് ചോദ്യം ചെയ്യാൻ അധികാരമില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി.
കമീഷൻ നിയമനം ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി ജസ്റ്റിസ് പി ബി സുരേഷ്കുമാറാണ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാരിലെ ഒരു വകുപ്പുമാത്രമായ ഇഡി നൽകുന്ന ഹർജി നിലനിൽക്കില്ലെന്നും ഇഡി നിയമാനുസൃത ഹർജിക്കാരനല്ലെന്നും എജി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണിക്കണമെന്ന് ഇഡിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി അനുവദിച്ചിട്ടുമുണ്ട്. ഇതുപ്രകാരം ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ കമീഷൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഇഡി വാദിച്ചു. ഇഡിക്കെതിരെ അന്വേഷണത്തിന് കോടതിക്കേ അധികാരമുള്ളൂ. കമീഷൻ അന്വേഷണ ഏജൻസിയല്ല. കമീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല.
ഇഡി ഉദ്യോഗസ്ഥൻ നിയമാനുസൃത ചുമതലയുള്ള അധികാരിയാണ്. കേന്ദ്രസർക്കാരിലെ ഒരു വകുപ്പിന് ജുഡീഷ്യൽ കമീഷൻ നിയമനത്തെ ചോദ്യം ചെയ്യാനാകുമോയെന്നത് പരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കാനാണ് ഹെെക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായി സർക്കാർ കമീഷനെ വച്ചത്.