റിയൊ ഡി ജനീറൊ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും ചിലിയും ഏറ്റുമുട്ടുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടി മത്സരം സാക്ഷിയാകും.
അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച നെയ്മറും, പരുക്കുമൂലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന ചിലിയന്‍ താരം അലക്സി സാഞ്ചാസും മൈതാനത്ത് കൊമ്പുകോര്‍ക്കും.
മുഖ്യ താരങ്ങളിലെല്ലാതെയാണ് ബ്രസീല്‍ ഇക്വഡോറിനെതിരായ മത്സരത്തിന് ഇറങ്ങിയത്. നെയ്മറിന് പുറമെ തിയാഗൊ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇക്വഡോറിനോട് സമനില വഴങ്ങിയാണ് ഗ്രൂപ്പ് ഘട്ടം ബ്രസീല്‍ അവസാനിപ്പിച്ചത്.
ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബ്രസീല്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. കരുത്തരായ ചിലിയാകട്ടെ നേടിയത് ഒരു വിജയവും. കോപ്പയില്‍ ബ്രസീലിനും, അര്‍ജന്റീനയ്ക്കും ഒപ്പം തലയെടുപ്പുള്ള ടീമാണ് ചിലി. പക്ഷെ ഇത്തവണത്തെ പ്രകടനം അത്ര തൃപ്തികരമല്ല എന്ന് മാത്രം.
2016 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഓര്‍ത്തു വയ്ക്കാനാകുന്ന മത്സരം നടന്നത്. നിശ്ചിത സമയത്ത് സമനില വഴങ്ങിയ ശേഷം പെനാലിറ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ കടന്നു കൂടിയത്. ജയത്തിന് സമാനമായ തോല്‍വിയായിരുന്നു അന്ന് ചിലിയുടേത്.
അന്ന് പെനാലിറ്റി ഷൂട്ടൗട്ടിനിടെ വികാരഭരിതനായ തിയാഗൊ സില്‍വ പിന്നീട് വേട്ടയാടപ്പെട്ടിരുന്നു. “അന്ന് ഞാന്‍ കരയണമെന്ന് വിചാരിച്ചതല്ല. പക്ഷെ അങ്ങനെ സംഭവിച്ചു. അതിന്റെ പേരില്‍ ഒരുപാട് ദുഖിക്കേണ്ടിയും വന്നു. അത് ഒരു തിരിച്ചറിവായാണ് കാണുന്നത്. സുപ്രധാന മത്സരങ്ങളില്‍ ഒരുങ്ങാനുള്ള തയാറെപ്പിന് സഹായകരമായി,” തിയാഗൊ പറഞ്ഞു.
ചിലിക്കായി സാഞ്ചസ് ഇറങ്ങുന്ന കാര്യത്തില്‍ പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ത്തെയായിരിക്കും തീരുമാനമെടുക്കുക. “ആതിഥേയര്‍ക്കെതിരെ മത്സരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ടൂര്‍ണമെന്റില്‍ ബ്രസീല്‍ മികച്ച ഫോമിലുമാണ്,” മാര്‍ട്ടിന്‍ വ്യക്തമാക്കി.
Also Read: Copa America 2021: ബ്രസീലിന്റെ വിജയക്കുതിപ്പ് തടഞ്ഞ് ഇക്വഡോർ; സമനില
The post Copa America 2021: വിശ്രമം അവസാനിച്ചു; ചിലിയെ നേരിടാന്‍ നെയ്മര്‍ ഇറങ്ങും appeared first on Indian Express Malayalam.