തിരുവനന്തപുരം: ഐസിഎംആർ മാനദണ്ഡം അനുസരിച്ചാണ് കേരളത്തിൽ ഇതുവരെ കോവിഡ് മരണനിരക്ക് നിശ്ചയിച്ചതെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകാരോഗ്യ സംഘടനയുടെയോ ഐസിഎംആറിന്റെയോ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് മരണനിരക്ക് കണക്കാക്കിയിട്ടുള്ളതെന്നും വിഡി സതീശൻ ആരോപിച്ചു.
കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേരളത്തിൽ രോഗം ബാധിച്ച് മരിച്ച മുഴുവൻ ആളുകളുടെയും കണക്കെടുക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി കോവിഡ് മരണങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശം അനുസരിച്ചാണ് കോവിഡ് മരണം നിശ്ചയിക്കുന്നതെന്നും കേന്ദ്രംമാനദണ്ഡം പുതുക്കിയാൽ അത് അനുസരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിൽ പരിശോധിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
content highlights:VD Satheesan against Health Minister