കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണത്തിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരുവകുപ്പ് മാത്രമാണ് എൻഫോഴ്സ്മെന്റ്. ഈ വകുപ്പിനെതിരേ അന്വേഷണം നടത്താൻ സർക്കാരിന് സാധിക്കുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരേയുള്ള ഇ.ഡിയുടെ ഹർജി പരിഗണിക്കവെയാണ് സർക്കാരിന്റെ വാദം.
കേസിൽ മുഖ്യമന്ത്രിയെ കക്ഷിയാക്കിയത് തെറ്റാണെന്നും സർക്കാർ വാദിച്ചു. അതേസമയം സ്വർണക്കടത്തിലെ സമാന്തര ജുഡീഷ്യൽ അന്വേഷണം ശരിയല്ലെന്നാണ് ഇഡിയുടെ വാദം. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണത്തിന് അധികാരമില്ലെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇഡിക്കായി ഹാജരായത്.
സർക്കാർ നീക്കം സ്വർണക്കടത്തിലെ അന്വേഷണം തടയാനാണ്. കേന്ദ്ര ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപക്കണം. നേരത്തെ ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കോടതി തടഞ്ഞതാണെന്നും ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
content highlights:ED petition against judicial enquiry in gold smuggling case