ന്യൂഡൽഹി: കെ. മുരളീധരനെ യുഡിഎഫ് കൺവീനറായി നിയമിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ. രാഹുൽ ഗാന്ധി എം.പിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ കമന്റുമായി എത്തിയത്. നിലവിലെ യുഡിഎഫ് കൺവീനർ എം.എം. ഹസനാണ്. ഇദ്ദേഹത്തെ മാറ്റില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനായി മുറവിളി കൂട്ടി പ്രവർത്തകർ എത്തിയത്.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നതിന് മുമ്പും കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് മുമ്പും ഇത്തരത്തിൽ രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ പേജുകളിൽ ഇരുവർക്കും വേണ്ടി വാദിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സതീശന്റെയും സുധാകരന്റെയും കാര്യത്തിൽ പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തത്.പെട്രോൾ വിലയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് ചുവടെയാണ് പ്രവർത്തകർ മുരളീധരനായി വാദിച്ച് രംഗത്തെത്തിയത്.
അതേ പോലെ മുരളീധരന്റെ കാര്യത്തിലും ഹൈക്കമാൻഡ് പ്രവർത്തകരുടെ വികാരം കണക്കിലെടുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസുകാർ രാഹുലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മുരളീധരനായി വാദിക്കുന്നത്.
നേരത്തെ മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എം.എം ഹസൻ കൂടി മാറിയാൽ മാത്രമെ കോൺഗ്രസിലെ തലമുറമാറ്റം പൂർണ തോതിൽ സാധ്യമാകുമെന്നാണ് പ്രവർത്തകരുടെ വാദം.
Content Highlight: Twitter campaign for K Muraleedharan MP