കൊച്ചി
പഠിച്ച് തൊഴിൽ നേടുന്നതിനൊപ്പം, സഹജീവികളെ സഹായിക്കലും വട്ടവടയിലെ കൊച്ചുകുടിലിൽനിന്നെത്തിയ അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. വര്ഗീയവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ സ്വപ്നങ്ങള്ക്ക് മരണമില്ല. അവന്റെ സമത്വസ്വപ്നങ്ങള് ഓരോന്നായി യാഥാര്ഥ്യമാക്കുകയാണ് അവന്റെ പ്രസ്ഥാനവും കൂട്ടുകാരും.
ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന അവന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എറണാകുളത്തെ അഭിമന്യു സ്മാരകമന്ദിരം ചവിട്ടുപടിയാകുമെന്നാണ് പ്രതീക്ഷ. പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില് താമസിച്ച് പഠിക്കാം. അഭിമന്യു സ്മാരക ട്രസ്റ്റാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്.
പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠനയോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദേശ സര്വകലാശാലകളിലെ ഓണ്ലൈന് കോഴ്സുകള്, മത്സരപരീക്ഷാ പരിശീലനം, തൊഴില് പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള് തുടങ്ങിയവയ്ക്കും അവസരമൊരുക്കും. കോവിഡ് തീവ്രത കുറഞ്ഞാൽ പദ്ധതി നടപ്പാക്കും. ഓണ്ലൈന് പഠനസൗകര്യമില്ലാത്ത 250 കുട്ടികള്ക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ രണ്ടിന് മൊബൈല്ഫോണ് നല്കും.
ഊരുകളില് അഭിമന്യുവിന്റെ സ്മരണാര്ഥം നിര്മിച്ച ലൈബ്രറികള് കേന്ദ്രീകരിച്ച് കുട്ടികള്ക്കായി പൊതു പഠനകേന്ദ്രം ഒരുക്കും. മാസത്തില് ആദ്യ വെള്ളിയാഴ്ച കുട്ടികള്ക്ക് വിവിധ വിഷയങ്ങളില് വെബിനാര് സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കുറയുമ്പോൾ ഊരുകളില് നേരിട്ടെത്തി പ്രവര്ത്തനം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് അമല് പറഞ്ഞു.
സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്നിന്ന് സമാഹരിച്ച രണ്ടേമുക്കാല് കോടി രൂപ ഉപയോഗിച്ച് ആറരസെന്റ് സ്ഥലത്താണ് അഭിമന്യുമന്ദിരം നിർമിച്ചത്. തൊഴിൽപരിശീലന കേന്ദ്രങ്ങള്, റഫറന്സ് ലൈബ്രറി, പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് താമസ–-പഠന സൗകര്യം എന്നിവയാണ് സ്മാരകത്തിന്റെ ലക്ഷ്യം.
2019 ജൂലൈ രണ്ടിന് സിപിഐ എം പിബി അംഗം കോടിയേരി ബാലകൃഷ്ണന് ശിലയിട്ട സ്മാരകം 2020 ഡിസംബര് 29ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച അഭിമന്യു രക്തസാക്ഷിത്വദിനത്തിൽ കോവിഡ് മാനദണ്ഡംപാലിച്ച് അനുസ്മരണച്ചടങ്ങുകളും നടത്തും.