കൊണ്ടോട്ടി (മലപ്പുറം)
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ച ചെർപ്പുളശേരി സ്വദേശികളുൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിന്റെ തലവൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി വാവാട് വെർലാട്ട് പറമ്പത്ത് തെക്കേ കണ്ണിപ്പൊയിൽ സൂഫിയാനെ (32)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതോടെ അറസ്റ്റിലായവർ പതിനൊന്നായി.
സംഭവ ദിവസം കരിപ്പൂർ വിമാനത്താവളത്തിലും അപകടംനടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസ് പറഞ്ഞു. നിരവധി സ്വർണക്കടത്ത് കേസുകളിൽ പ്രതിയായ സൂഫിയാനാണ് കരിപ്പൂരിലെത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചതും ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതും. വിമാനത്താവളത്തിൽനിന്ന് കടക്കുന്ന കണ്ണൂർ സംഘത്തിൽനിന്ന് സ്വർണം കവരുകയായിരുന്നു പദ്ധതി. ഇയാൾക്കെതിരെ മുമ്പ് കോഫെപോസയും ചുമത്തിയിട്ടുണ്ട്.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം, പരപ്പന അഗ്രഹാര ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. സൂഫിയാന്റെ സഹോദരൻ ഫിജാസ് നേരത്തെ അറസ്റ്റിലായി. മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബുമായിചേർന്ന് കൊടുവള്ളി, ചെർപ്പുളശേരി സംഘങ്ങളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇനിയും ഒട്ടേറെ പേർ പിടിയിലാകാനുണ്ടെന്ന് എസ്പി എസ് സുജിത് ദാസ് പറഞ്ഞു. മുഖ്യപ്രതി യൂത്ത് ലീഗ് നേതാവും വൈറ്റ് ഗാർഡ് പട്ടാമ്പി മണ്ഡലം ക്യാപ്റ്റനുമായ കുലുക്കല്ലൂർ മുളയൻകാവ് കെ ടി സുഹൈലും വൈറ്റ് ഗാർഡ് അംഗം പട്ടാമ്പി സ്വദേശി സഫ്വാനും ഒളിവിലാണ്.