തൃശൂര് > കൊടകരയില് വാഹനാപകടം സൃഷ്ടിച്ച് കുഴല്പ്പണം കവര്ന്നകേസില് ആറു പ്രതികളുടെ ജാമ്യം തള്ളി. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ മൂന്നരക്കോടി കവര്ന്ന കേസിലാണ് ഒന്നാംപ്രതിയുള്പ്പടെ ആറുപേരുടെ ജാമ്യം തള്ളിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം മഷറിക് മഹലില് മുഹമ്മദ് അലി, തലശ്ശേരി തിരുവങ്ങാട് വിന്സം വീട്ടില് സുജീഷ് , വെള്ളിക്കുളങ്ങര വെട്ടിയാട്ടില് ദീപക്, വെള്ളാങ്കല്ലൂര് തരൂപ്പിടികയില് വീട്ടില് ഷുക്കൂര് , കണ്ണൂര് ഇരിട്ടി മുഴകുന്ന് കുന്നൂല് വീട്ടില് അബ്ദുള് റഹീം, കോടാലി വല്ലത്ത് രഞ്ജിത്, ഭാര്യ ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശ്ശൂര് ജില്ലാ സെഷന്സ് ജഡ്ജി ഡി. അജിത്കുമാര് തള്ളിയത്.
പ്രതികള് ഒന്നിച്ച് ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും, രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ടെന്നും ജില്ലാ പബ്ലിക് പ്രൊസിക്യുട്ടര് അഡ്വ. കെ ഡി ബാബു വാദിച്ചു. രാഷ്ട്രീയബന്ധമുള്ള കേസായതിനാല് പ്രതികള്ക്ക് ജാമ്യം നല്കിയാല് അന്വേഷണത്തിന് തടസമുണ്ടാവുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതേതുടര്ന്നാണ് ജാമ്യം തള്ളിയത്. സ്ത്രീയെന്ന പരിഗണന നല്കണമെന്ന് ദീപ്തി വാദിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അവര്ക്കും ജാമ്യം നല്കിയില്ല.