തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മിനെതിരേ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. പാർട്ടിയോടുള്ള ജനവിശ്വാസത്തിന്റെ അടിത്തറ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഒരു ക്രിമിനൽ പ്രവർത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
എളുപ്പത്തിൽ പണം നേടാനും സ്വത്ത് സമ്പാദിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏതെങ്കിലും സിപിഎം അനുഭാവിയോ സംഘടനാ പ്രവർത്തകനോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പാർട്ടിഒപ്പം നിൽക്കാറില്ല. നിയമപരമായ നടപടി എടുക്കാൻ കഴിയാത്ത ഘട്ടത്തിൽ പോലും അവർ പാർട്ടിയുടെ നടപടിക്ക് വിധേയരാകാറുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ, മാഫിയ പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല. കുറ്റവാളികൾ ഏതെങ്കിലും ബഹുജന സംഘടനയിൽ അംഗമായാൽ പോലും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്. ഇപ്പോൾ എതിരാളികൾ പാർട്ടിയെ കടന്നാക്രമിക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടിൽ സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Content Highlights:cpim state secretariat statement on gold smuggling case