തിരുവനന്തപുരം > കുറ്റകൃത്യങ്ങളില് ഏര്പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള് ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന് പാര്ടി സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില് പറഞ്ഞു.
തെറ്റായ പ്രവണതകള്ക്കെതിരെ ദശലക്ഷകണക്കിന് പ്രവര്ത്തകരെ അണിനിരത്തി ശക്തിയാര്ജ്ജിച്ച പ്രസ്ഥാനമാണ് സിപിഐ എം വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടിലൂടെയാണ് ജനങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം പാര്ടി നേടിയത്. ജനവിശ്വാസത്തിന്റെ ഈ അടിത്തറ തകര്ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള് തുടങ്ങിയിരിക്കുന്നത്. ഒരു ക്രിമിനല് പ്രവര്ത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഐ എം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. അത്തരം പ്രവണതകളുള്ളവര് പാര്ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകള് തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളില് നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറ്.
എളുപ്പത്തില് പണം നേടാനും, സ്വത്ത് സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹത്തില് നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു സിപിഐ എം അനുഭാവിയോ, ബഹുജന സംഘടനാ പ്രവര്ത്തകനോ അത്തരം കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടാല് പാര്ടി ഒപ്പം നില്ക്കാറുമില്ല. പാര്ടി അംഗമോ, നേതാവോ ആണെങ്കില് പോലും അത്തരക്കാരെ വച്ചുപൊറുപ്പിച്ചിട്ടില്ലെന്നതിന് നിരവധി ഉദാഹരണങ്ങള് ചൂണ്ടിക്കാട്ടാന് കഴിയും. നിയമപരമായ നടപടി എടുക്കാന് കഴിയാത്ത ഘട്ടത്തില് പോലും പാര്ടിയുടെ നടപടിക്ക് വിധേയരാകും. അതാണ് മറ്റ് പാര്ടികളില് നിന്നും സിപിഐ എമ്മിനെ വ്യത്യസ്ഥമാക്കുന്നത്.
സ്വര്ണ്ണക്കടത്ത് കേസില് അടക്കം സിപിഐ എമ്മിനും സര്ക്കാരിനും എതിരെ നടത്തിയ ദുഷ്പ്രചാരണം ജനം തള്ളിയതാണ്. പാര്ടി കൂടുതല് ജനവിശ്വാസം ആര്ജ്ജിക്കുന്നുവെന്ന് കണ്ട് അതിനെ തകര്ക്കാനാണ് ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്.
സ്വര്ണ്ണക്കടത്ത്, ക്വട്ടേഷന്, മാഫിയ പ്രവര്ത്തനങ്ങള് എന്നിവയെ സഹായിക്കുന്ന സമീപനം സിപിഐ എം ഒരിക്കലും സ്വീകരിച്ചിട്ടില്ല. അത്തരം കുറ്റവാളികള് ഏതെങ്കിലും ബഹുജന സംഘടനയില് അംഗമായാല് പോലും അവര്ക്കെതിരെ അച്ചടക്ക നടപടികള് സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്. വസ്തുതകള് ഇതായിരിക്കെ പാര്ടിയുടെ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും പാര്ടിയെ കടന്നാക്രമിക്കാന് ശ്രമിക്കുകയാണ്.
കൊടകര കുഴല്പ്പണ കേസില് ബിജെപിയുടെ ഉന്നത നേതാക്കളെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പോക്സോ കേസിലെ പ്രതിയെ കോണ്ഗ്രസ് എംഎല്എ സഹായിച്ച വിവരവും പുറത്തുവന്നു. ഈ സംഭവങ്ങളിലെല്ലാം കണ്ണടയ്ക്കുന്ന മാധ്യമങ്ങളാണ് ഇപ്പോള് സിപിഐ എം വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില് ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടില് സിപിഐ എമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില് പറഞ്ഞു.