കോഴിക്കോട്
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയിൽ ഒപ്പുശേഖരണം. സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് ഒപ്പുശേഖരിച്ച് ദേശീയ നേതൃത്വത്തിനയക്കുന്നത്. പി കെ കൃഷ്ണദാസ്–-ശോഭ സുരേന്ദ്രൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണിത്. സുരേന്ദ്രനെ നേതൃത്വത്തിലിരുത്തി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുതിയനീക്കം.
ഓൺലൈൻ യോഗം സംഘടിപ്പിച്ച് പാർടിയെ സജീവമാക്കാൻ വി മുരളീധരൻ–-സുരേന്ദ്രൻ പക്ഷം ശ്രമമുണ്ട്. വിശ്വാസ്യത നഷ്ടമായ നേതൃത്വം തുടരരുതെന്ന നിലപാട് കടുപ്പിക്കുകയാണ് മറുപക്ഷം. കോഴക്കേസും കുഴൽപ്പണ–-ഫണ്ട് വെട്ടിപ്പുകളും ബിജെപിയുടെ മുഖം നഷ്ടമാക്കിയെന്ന നിലപാടിൽനിന്ന് കൃഷ്ണദാസ്–-ശോഭ വിഭാഗങ്ങൾ പിറകോട്ടുപോയിട്ടില്ല. പാർടി നേതൃതല യോഗങ്ങൾ ഓൺലൈനിലല്ലാതെ വിളിച്ച് ചർച്ചക്ക് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റി യോഗം പകുതിപേരെ ഓൺലൈനിലാക്കിയാണ് വിളിച്ചത്.
കോർകമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളിലൊന്നും ഫണ്ടിന്റെയും മറ്റും കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ പാർടിയെ തകർക്കാനുള്ള നീക്കമെന്ന് പറഞ്ഞ് അവഗണിക്കുകയാണ്. വെട്ടിപ്പ്, അഴിമതി ചർച്ചകൾ പ്രവർത്തകരിലാകെയുണ്ട്. നേതൃമാറ്റമില്ലാതെ തൊലിപ്പുറ ചികിത്സകൊണ്ട് രക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ ഒപ്പുശേഖരണം.
മറ്റുരാഷ്ട്രീയ പാർടികൾ കൊണ്ടുവന്ന മാറ്റങ്ങൾ സൂചിപ്പിച്ച് സമാനശൈലി ബിജെപിയിലും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് സുരേന്ദ്രൻ തയ്യാറാകാത്ത സാഹചര്യത്തിൽ പുനഃസംഘടന എന്നാണ് കേന്ദ്രനേതൃത്വത്തോട് കൃഷ്ണദാസ് –- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ജൂലൈയിൽ ചേരുന്ന ആർ എസ്എസ് ബൈഠക്കൂടി ലക്ഷ്യമിട്ടാണ് ഒപ്പുശേഖരണം.