കൊട്ടാരക്കര> മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണിഭവനില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും ഏകമകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അമ്മ ആര്‍ച്ചയുടെ അച്ഛന് ശ്രീജയനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി.
മൊബൈല്‍ ഫോണില്‍ ശ്രീജയന്‍ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ നിലവിളി കേട്ട് നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറിപോകുന്നതാണ് കണ്ടത്. കുഞ്ഞിന്റെ കാലില്‍ കടിയേറ്റ പാടും കണ്ടു. ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. നീലാംബരിയുടെ അച്ഛന് രതീഷ് റെസ്റ്റോറന്റ് ജീവനക്കാരനാണ്.