തിരുവനന്തപുരം> ഒരു തെറ്റിന്റെയും കൂടെ നില്ക്കുന്ന പാര്ട്ടിയല്ല സിപിഐ എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തില് തെറ്റായ ചില കാര്യങ്ങള് നടക്കാറുണ്ടെന്നും അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്ന്ന സമീപനമാണ് സര്ക്കാര് സ്വീകരിച്ച് പോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ക്രിമിനില് ആക്ടിവിറ്റിയും സംരക്ഷിച്ചു പോരുന്ന നിലപാട് സര്ക്കാരിനില്ല. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ; ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച നടപടി സര്ക്കാരില് നിന്നുണ്ടാവും.
ഫലപ്രദമായി അങ്ങനെ ചെയ്തിട്ടുണ്ട് ഇതുവരെ. ചില കാര്യങ്ങളില് സര്ക്കാരിന് ഫലപ്രദമായി ഇടപെടാന് തടസമുണ്ട്. അതു നിയമപരമായി മറ്റ് ചില ഏജന്സികള് ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങള് നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ കൃത്യമായി നേരിടാന് നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയായി. ഉള്ള അധികാരം ഉപയോഗിച്ച് ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നാം സ്വീകരിച്ചിട്ടുള്ളത്.
സിപിഐ എം എന്ന പാര്ട്ടിയുടെ സമീപനം ഇത്തരം വിഷയങ്ങളില് എന്തായിരുന്നു എന്നു നോക്കണം. പാര്ട്ടിയില് ലക്ഷക്കണക്കിന് ജനങ്ങള് അണിനിരന്നിട്ടുണ്ട്. അതില് പല തരക്കാര് ഉണ്ടാവും. .ദീര്ഘകാലം പാര്ട്ടിക്ക് വേണ്ടി ഏത് തരം സേവനം ചെയ്താലും, അത്തരം ആളുകള് പാര്ട്ടിക്ക് നിരക്കാത്ത പ്രവര്ത്തനം നടത്തിയാല് അതില് ഇടപെടുകയും ആ തെറ്റിന്റെ ഗൗരവത്തിനനുസരിച്ചുള്ള തീരുമാനത്തിലേക്ക് കടക്കുകയും ചെയ്യുന്ന പാര്ട്ടിയാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതിന്റെ ഭാഗമായി ചിലരെ പാര്ട്ടിയില് നിന്നും പുറത്താക്കാറുണ്ട്.ഇത് ആദ്യമായിട്ടല്ല. നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
പാര്ട്ടിയില് നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താല് ആ തെറ്റിനും തെറ്റുകാരനും സിപിഐ എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താന് ശ്രമിക്കുന്ന പാര്ട്ടി അതിന് വിരുദ്ധമായി പ്രവര്ത്തിക്കുന്നവരെ തുണയ്ക്കില്ല. അതാണ് ദീര്ഘകാലമായി പാര്ട്ടിയുടെ നിലപാട്. അക്കാര്യത്തില് ആശങ്ക വേണ്ട.
നമ്മുടെ കേരളത്തില് ഇതുപോലെയുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകളുണ്ട്. എത്രയോ വ്യക്തികള് പോസ്റ്റിടുന്നു. ഇതിനെല്ലാം പിന്നാലെ പാര്ട്ടിക്ക് പോകാനാവുമോ. അതില് ചിലര് പാര്ട്ടിയാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നുണ്ടാകും.
പാര്ട്ടിയുടെ സാധാരണ ധാരണയ്ക്ക് അനുസരിച്ച് അല്ലാത്ത പോസ്റ്റുകളിട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തില് പ്രതികരിക്കേണ്ടി വന്നത്.
സിപിഐ എമ്മിന്റെ ആളുകളെന്ന് പറഞ്ഞ് പോസ്റ്റിടുന്നവരെല്ലാം ഔദ്യോഗിക വക്താക്കളോ ചുമതലപ്പെടുത്തിയവരോ അല്ല. ഒരു കാര്യത്തില് വികാരം തോന്നുമ്പോള് അപ്പോള് പോസ്റ്റിടുന്നു. പണ്ട് നാട്ടില് നിന്ന് വിളിച്ചുപറയുകയായിരുന്നു. അതിന്റെയെല്ലാം ചുമതല ഏറ്റെടുക്കാനാകില്ല. പാര്ട്ടി അത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വിശദീകരിച്ചു