കൊച്ചി: സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ്. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് വ്യക്തമാക്കി. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്നനടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കിറ്റെക്സ് ആരോപിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് ഉൾപ്പെടെ പല വകുപ്പുകളുടെയും പരിശോധനകൾ നടന്നിരുന്നു. ഒരു മാസത്തിനിടയിൽ 11 പരിശോധനകൾ നടന്നു എന്നാണ് കിറ്റെക്സിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണിതെന്നും കിറ്റെക്സ് ആരോപിക്കുന്നു.
സർക്കാരിന്റെ ഈ സമീപനം മൂലം വികസനപദ്ധതികളുമായി കമ്പനി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്സ് പറയുന്നു. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വെച്ചാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരൽ പാർക്ക്, മൂന്ന് മറ്റു വ്യവസായ പാർക്കുകൾ എന്നിവ സംസ്ഥാനത്ത് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തിൽ ഉണ്ടായിരുന്നത്.
പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. 20,000 ഓളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാൽ ഇപ്പോൾ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്സ് പറയുന്നു. ഇനി പരീക്ഷണം നടത്താൻ സാധിക്കാത്തതിനാൽ പദ്ധതികളിൽനിന്ന് പിന്നോട്ടു പോകുകയാണെന്നും അവർ പ്രസ്താവനയിൽ പറയുന്നു.
Content Highlights:Kitex, withdrawing from the Rs 3,500 crore project, Kerala Government