തിരുവനന്തപുരം: കള്ളക്കടത്ത് സംഘവും ക്വട്ടേഷൻ സംഘവും പാർട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ.എം.ഷംസീർ. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷംസീർ പറഞ്ഞു.മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിക്ക് പങ്ക് കിട്ടുന്നെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുത്. പാർട്ടിക്ക് പ്രവർത്തിക്കാൻ കള്ളപ്പണത്തിന്റെ ആവശ്യമില്ല. പാർട്ടിക്ക് പാർട്ടിയുടെ അംഗങ്ങളുണ്ട്. അവർ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. ജനങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വർണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെന്നും ഷംസീർ പറഞ്ഞു.
കള്ളക്കടത്ത് സംഘവും ക്വട്ടേഷൻ സംഘവും പാർട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്. അത് അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനെ കർക്കശമായ രീതിയിൽ നേരിടും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എത്ര ആഴത്തിലാണോ ഇതിന്റെ വേര് പോയിട്ടുള്ളത്. അത്രയും ആഴത്തിൽ പോയി വേരറുത്ത് മാറ്റണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത് ഷംസീർ വ്യക്തമാക്കി.
കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊന്നും മല്ലൻമാരല്ല. അവരുടെ ബ്രാൻഡ് വാല്യു ഉയർത്തുന്നതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ട്. അവർ ഭീരുക്കളാണ്. ഇവരുടെ പേര് പറഞ്ഞാൽ പേടിച്ചോടുന്നവരുണ്ടാകാം. അതിന്റെ പേരിൽ സിപിഎമ്മിന്റെ പിരടിയിൽ കയറാൻ വരേണ്ട. സിപിഎമ്മിന് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല. കൊടിസുനിയും ഷാഫിയൊന്നും ഞങ്ങളുടെ പ്രവർത്തകരല്ല. അവർ കൊലപാതക കേസിൽ പെട്ട് ജയിലിലാണ്.
സ്വർണക്കടത്തിന് കസ്റ്റംസിനും പോലീസിനും പങ്കുണ്ട്. അതൊക്കെ പുറത്ത് വരണം. സിപിഎം അനുഭാവികൾക്ക് പങ്കുണ്ടെങ്കിൽ അതും പുറത്ത് വരട്ടെ. അത്തരക്കാർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് തങ്ങളുടേത്. പാർട്ടിക്കകത്ത് ആർക്കെങ്കിലും ഇത്തരം അവിഹിത ബന്ധമുണ്ടെങ്കിൽ അവരെ അറുത്തുമാറ്റി മുന്നോട്ട് പോകാനുള്ള സംഘടനാ ശേഷം സിപിഎമ്മിനുണ്ട്. കെ.സുരേന്ദ്രനൊന്നും കള്ളപ്പണം സംബന്ധിച്ച് പറയാൻ യാതൊരു ധാർമികതയുമില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.