ഇടമലക്കുടിയിലേക്ക് ട്രാവൽ വ്ളോഗർക്കൊപ്പം ഡീൻ കുര്യാക്കോസ് ഉല്ലാസ യാത്ര നടത്തിയെന്നാണ് ആരോപണമെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംപിയ്ക്കും വ്ളോഗർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് ദേവികുളം മണ്ഡലം സെക്രട്ടറി മൂന്നാർ ഡിവൈഎസ്പിക്കും സബ് കളക്ടർക്കും പരാതി നൽകിയത്.
ഇടമലക്കുടി യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുവരും മാസ്ക് ധരിക്കാതെ നിൽക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രയ്ക്കെതിരെ പരാതി ഉയർന്നത്.
ഇടമലക്കുടി ട്രൈബൽ വില്ലേജിലെ സ്‌കൂളിലേക്ക് സ്മാർട്ട് ക്ലാസിന്‍റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നൽകുകയും, സ്‌കൂൾ കെട്ടിടത്തിലെ ആർട്ട് വർക്ക് ചെയ്തതും, അതിനോടനുബന്ധിച്ച് സ്‌കൂളിൽ നടന്ന ഒരു ചടങ്ങിലേക്ക് പങ്കെടുക്കുവാനും വേണ്ടിയാണ് തങ്ങൾ ഇടമലക്കുടിയിലേക്ക് പേയതെന്ന് സുജിത്ത് ഭക്തൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്ര വിവാദമായതോടെ ഡീൻ ക്യുര്യാക്കോസും പ്രതികരണം രേഖപ്പെടുത്തി. ട്രൈബൽ സ്കൂളിന്‍റെ നിർമ്മാണ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണമെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. സ്കൂളിലേക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എംപി പറയുന്നു.
എന്നാൽ സമ്പൂർണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബൽ സ്കൂൾ നിർമാണ ഉദ്ഘാടനം നടത്താനെത്തിയ എം.പിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കുന്നത്.