തിരുവനന്തപുരം: സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവർക്ക് ക്വട്ടേഷൻ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം മുന്നോട്ട് പോകുമ്പോൾ പലപേരുകളും പറഞ്ഞ് കേൾക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ ഉൾപ്പടെയുള്ള ആളുകൾ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായി അന്വേഷണം പോകേണ്ടതുണ്ട്.
പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കിൽ പോലീസും ഭരണ സംവിധാനവും പ്രതികൾക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകും.
ഇവർ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കള്ളക്കടത്തിനേയും ക്വട്ടേഷൻ പ്രവർത്തനങ്ങളേയും മറച്ച് പിടിക്കാനുള്ള മുഖംമൂടിയാണ്. പി.ജയരാജന്റെ നേതൃത്വത്തിലുള്ള ഐആർപിസി എന്നപേരിൽ ഇവർ നടപ്പിലാക്കുന്ന ചില പ്രവർത്തനങ്ങൾ ക്വട്ടേഷൻ സംഘങ്ങൾക്ക് മറഞ്ഞിരിക്കാനുള്ള ഒരുപാധിയാണെന്നും ഷാഫി ആരോപിച്ചു