കണ്ണൂർ > ‘ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ്’- ഏതാനും വർഷംമുമ്പ് കണ്ണൂരിലിറങ്ങിയ മനോരമ മെട്രോ പതിപ്പിന്റെ ഒന്നാം പേജ് വാർത്തയുടെ തലക്കെട്ടാണിത്. വെണ്ടുട്ടായിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച സിവിൽ എൻജിനിയറിങ് കൺസൾട്ടന്റിന്റെ പരാതിയായിരുന്നു വാർത്തയ്ക്ക് ആധാരം. കൊടും ക്രിമിനലുകളായ വെണ്ടുട്ടായിയിലെയും പുത്തൻകണ്ടത്തെയും ഗുണ്ടാസംഘത്തെ പോറ്റിവളർത്തുന്നത് ആർഎസ്എസ്- ബിജെപി നേതൃത്വമാണ്. എന്നാൽ കോൺഗ്രസ് നേതാക്കളുടെ ക്വട്ടേഷനും ഇവർക്ക് തന്നെ. തെരഞ്ഞെടുപ്പിലെ കോൺഗ്രസ്- ബിജെപി സഖ്യത്തിന്റെ മാതൃകയിലാണിതും.
വാർത്തയ്ക്ക് അടിസ്ഥാനമായ തട്ടിക്കൊണ്ടുപോകൽ പരാതി മുൻ ഡിസിസി പ്രസിഡന്റിന് എതിരെയായിരുന്നു.
കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രമുഖ നേതാവിന്റെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പൊലീസിൽ നൽകിയ പരാതി അന്ന് സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചു.
വെണ്ടുട്ടായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന് നേതൃത്വം നൽകുന്നത് പ്രേംജിത്, പ്രനൂബ് എന്നീ സഹോദരന്മാരാണ്. നാൽപ്പതോളംപേർ സംഘത്തിലുണ്ട്. ആർഎസ്എസിനും ബിജെപിക്കുമാണ് പൂർണ നിയന്ത്രണമെങ്കിലും കൂട്ടത്തിൽ കോൺഗ്രസുകാരുമുണ്ട്. കണ്ണൂർ ജില്ലയിൽ ആർഎസ്എസ്സും കോൺഗ്രസും മുസ്ലിംലീഗും എസ്ഡിപിഐയും സംരക്ഷിക്കുന്ന ഗുണ്ടാസംഘങ്ങൾ നിരവധിയാണ്.
ജില്ലയിലെ ഇത്തരം അക്രമിസംഘങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് സിപിഐ എം മാത്രമാണ്. പാർടിയുമായി ബന്ധമുള്ള ആരെങ്കിലും ഗുണ്ടാപ്രവർത്തനവുമായി ബന്ധപ്പെട്ടാൽ സിപിഐ എം ശക്തമായ നടപടി സ്വീകരിക്കും. എന്നിട്ടും, ഒരുപറ്റം മാധ്യമങ്ങളുടെ പഴി സിപിഐ എമ്മിന്.
കരിപ്പൂർ സ്വർണക്കടത്തിൽ ബന്ധമുള്ളവരിലൊരാൾ, സിപിഐ എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമാണ്.