മലപ്പുറം
കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലക്കാരൻ. കഴിഞ്ഞ മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്ന ഇയാൾക്ക് സ്വർണക്കവർച്ച, ഹവാല പണമിടപാട് സംഘങ്ങളുമായും അടുത്ത ബന്ധമാണുള്ളത്.
അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മഞ്ചേരി നഗരസഭയിലെ മുഖ്യ ചുമതലക്കാരനായിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷനിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഇയാളും വേദിയിലുണ്ട്. സ്വർണക്കവർച്ച, കുഴൽപ്പണ ഇടപാടുകളിൽ പിടിക്കപ്പെടാതിരിക്കാൻ ബിജെപി ബന്ധം ഉപയോഗപ്പെടുത്തുകയായിരുന്നു. കള്ളക്കടത്ത് സ്വർണവും ഹവാല പണവും നഷ്ടമാകുന്ന കേസുകളാണ് ക്വട്ടേഷനെടുക്കുക. കാരിയർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും വീണ്ടെടുക്കുകയാണ് രീതി. നിരവധി കേസുകളിൽ പ്രതിയാണ്. 2014ൽ കൊടുവള്ളി സ്റ്റേഷനിൽ ശിഹാബിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെ സുരേന്ദ്രന്റെ അടുത്ത അനുയായി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രശ്മിൽനാഥാണ് ഇയാളെ പാർടിയിലേക്ക് കൊണ്ടുവന്നത്. ശിഹാബിനെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെ ബിജെപി ജില്ലാ ഘടകം എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് ചുമതല നൽകിയത്.