ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന ടി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. കോവിഡ് -19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് മാറ്റുന്നത്.
“ടി 20 ലോകകപ്പ് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് മാറ്റാമെന്ന് ഞങ്ങൾ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങളിൽ ചർച്ച തുടരുകയാണ്,” ഗാംഗുലി പറഞ്ഞു.
ബന്ധപ്പെട്ട എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരങ്ങൾ യുഎയിലേക്ക് മാറ്റിയാലും ടി20 ലോകകപ്പിന്റെ ആതിഥേയരായി ബിസിസിഐ തുടരും.
Read More: യുവതാരങ്ങൾക്ക് നിർണായകം, പക്ഷെ പരമ്പര വിജയം പ്രഥമ ലക്ഷ്യം: ദ്രാവിഡ്
ടൂർണമെന്റിന്റ് ഒക്ടോബർ 17 ന് ആരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല എന്ന് ഗാംഗുലി മറുപടി നൽകി. “കുറച്ച് ദിവസത്തിനുള്ളിൽ വിശദമായ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഞങ്ങൾക്ക് കഴിയും. ഒക്ടോബർ 17ന് മത്സരം ആരംഭിക്കണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല,” ഗാംഗുലി പറഞ്ഞു.
അന്തിമ സമയക്രമത്തിൽ ആന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലെന്ന് ഒരു ഐസിസി വക്താവും സ്ഥിരീകരിച്ചു.
രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്ക് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കാനും തീരുമാനം അറിയിക്കാനും ഐസിസി ഈ മാസം തുടക്കത്തിൽ ബിസിസിഐക്ക് നാല് ആഴ്ചത്തെ സമയം നൽകിയിരുന്നു.
ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുന്നതായി മെയ് നാലിന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് കാരണം ഐപിഎൽ മാറ്റിവയ്ക്കാൻ നിർബന്ധിതരായതിനെ തുടർന്നായിരുന്നു ഇത്. ഐപിഎല്ലിന്റെ തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി യുഎഇയിൽ നടക്കും.
Read More: ലോക ക്രിക്കറ്റിലെ മുൻനിര ഓൾറൗണ്ടറാവും; ജെയ്മിസണെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ
16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയിൽ ഒൻപത് നഗരങ്ങളിലായി നടത്താനായിരുന്നു തീരപമാനിച്ചിരുന്നത്. എന്നാൽ രാജ്യത്തെ കോവിഡ് സാഹചര്യം മത്സരം നടത്തിപ്പിന് തടസ്സമാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
യുഎഇയിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാവും ലോകകപ്പ് നടക്കുക. ഇതിനായുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ ഐസിസി ഇതിനകം ആരംഭിച്ചിരുന്നു.
ഒക്ടോബർ 15 വരെയാണ് ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളുണ്ടാവുക. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾ ഒമാൻ തലസ്ഥാനം മസ്കറ്റിൽ നടത്തുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ ചർച്ചയായിരുന്നു. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പിനായി യുഎഇയിലെ പിച്ചുകൾ ക്രമീകരിക്കാൻ സമയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സാധ്യത പരിഗണിച്ചത്.
The post ടി 20 ലോകകപ്പ് യുഎഇയിലേക്ക്; സ്ഥിരീകരണവുമായി ബിസിസിഐ appeared first on Indian Express Malayalam.