തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. കേസിൽ കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരനായ നമ്പിനാരായണന്റെമൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.
ഐഎസ്ആർഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡൽഹി യൂണിറ്റിൽ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് എത്തിയത്. പ്രതികളുടെ അറസ്റ്റ് അടക്കം നിർണ്ണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് സിബിഐയുടെ കേരളത്തിലേക്കുള്ള വരവ്. മുട്ടത്തറയിലെ ക്യാമ്പ് ഓഫീസിലുള്ള സംഘം കേസ് സംബന്ധിച്ച രേഖകളുടെ പരിശോധന തുടങ്ങി.
ഡിഐജി അടക്കുള്ള സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥർ നാളെ തിരുവനന്തപുരത്ത് എത്തും. പരാതിക്കാരനായ നമ്പിനാരായണനോട് നാളെ മൊഴി നൽകാൻ ഹാജരാകണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ഡിഐജി സിബി മാത്യൂസ്,ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി ശ്രീകുമാർ എന്നിവരുൾപ്പടെ 18 പേരെയാണ് ഗൂഢാലോചനാ കേസിൽ സിബിഐ പ്രതി ചേർത്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് സിബി മാത്യൂസിന്റേയും, പി എസ് ജയപ്രകാശിന്റേയും അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ അഡീഷണൽസോളിസിറ്റർ ജനറൽ സിബിഐയ്ക്ക് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.