കൊച്ചി > ‘ചാനൽ ചർച്ചയിലെ ഒരു വാക്കിന്റെപേരിൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി പരാമർശം വന്നപ്പോൾ എനിക്ക് ആശ്വാസമായി. എന്നാൽ, വിധി വന്ന് നിമിഷങ്ങൾക്കുള്ളിൽ എന്നോട് എന്തോ വാശി തീർത്തതുപോലെയായി ഫോൺ പിടിച്ചെടുക്കൽ. ഒരുപക്ഷേ ഭയപ്പെടുത്താനാകും, വിഷമിപ്പിക്കാനും ബുദ്ധിമുട്ടിക്കാനുമാകും. അത് സാരമില്ല. ദ്വീപിലെ ജനങ്ങൾക്കൊപ്പം ധീരമായി നിൽക്കും’– രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസിനുമുന്നിൽ ചോദ്യം ചെയ്യലിന് വിധേയയായശേഷം കൊച്ചിയിലെത്തിയ സിനിമാപ്രവർത്തക ആയിഷ സുൽത്താന ‘ദേശാഭിമാനി’യോട് പറഞ്ഞു.
‘ആദ്യദിവസം മൂന്നുമണിക്കൂർ, പിന്നെ രണ്ടുദിവസം എട്ടരമണിക്കൂർ. ഈ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദ്വീപിൽനിന്ന് മടങ്ങാൻ പറഞ്ഞത് വ്യാഴാഴ്ച വൈകിട്ട്. വെള്ളിയാഴ്ച ആർടിപിസിആർ ടെസ്റ്റ് കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. ഹൈക്കോടതി വിധി വന്ന് മിനിറ്റുകൾക്കുള്ളിൽ വീണ്ടും പൊലീസ് വിളിച്ചു. ചെന്ന ഉടൻ ഫോൺ വാങ്ങിവച്ചു. ഒരു നമ്പർപോലും എഴുതിയെടുക്കാൻ അനുവദിച്ചില്ല. ഉമ്മയുടെ ഒരു സഹോദരൻ എറണാകുളത്തും മറ്റൊരു സഹോദരൻ മംഗലാപുരത്തും ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിലാണ് ഉമ്മയും അനുജനും ഉൾപ്പെടുന്ന കുടുംബമുള്ളത്. ഇതെല്ലാം പറഞ്ഞു. അവർ സമ്മതിച്ചില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന എനിക്ക് അത് വലിയ ബുദ്ധിമുട്ടായി’–- ആയിഷ കൂട്ടിച്ചേർത്തു. വീണ്ടും കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു ആയിഷയുടെ മറുപടി.
‘കോടതിയിൽനിന്ന് നീതി ലഭിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചു. രാജ്യദ്രോഹക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നാണ് കോടതി ചോദിച്ചത്’. രാജ്യത്തിന് എതിരായല്ല, ദ്വീപിലെ ജനവിരുദ്ധ പരിഷ്കാരങ്ങളെയാണ് വിമർശിച്ചതെന്നും ആയിഷ വ്യക്തമാക്കി.
‘ദിവസം വൈകിട്ട് നാലരമുതൽ ആറരവരെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10.30 മുതൽ വൈകിട്ട് ആറരവരെയായിരുന്നു ചോദ്യം ചെയ്യൽ. ബാങ്ക് അക്കൗണ്ട് വിവരം, വിദേശ സുഹൃത്തുക്കൾ, സാമൂഹ്യമാധ്യമ അക്കൗണ്ട് വിവരം… എല്ലാം വിശദമായി പറഞ്ഞു. പൊലീസ് ആരെയോ ഭയപ്പെടുന്നതുപോലെ തോന്നി. അവർക്കുമുകളിൽ സമ്മർദമുള്ളതുപോലെ തോന്നി.
ചോദ്യം ചെയ്യലിന് പോകുമ്പോഴും മടങ്ങുമ്പോഴും പലരെയും കണ്ടു. പൊതുവെ പാവങ്ങളായ ദ്വീപുനിവാസികൾ ആകെ ആശങ്കയിലാണെന്ന് അവരുടെ മുഖഭാവം പറയുന്നു. സ്ത്രീകളും കുട്ടികളുംപോലും പ്രതിഷേധത്തിലാണ്. എല്ലായിടത്തും പ്രതിഷേധ മുദ്രാവാക്യങ്ങളും എഴുതിയത് കാണാം’–- ആയിഷ പറഞ്ഞുനിർത്തി.