കൊച്ചി > ലക്ഷദ്വീപില് കെട്ടിടങ്ങള് പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകേന്ദ്രം. കടല്ത്തീരത്തുനിന്ന് 20 മീറ്റര് പരിധിയിലുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകള്ക്ക് അവ പൊളിച്ചുനീക്കാനാവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നല്കി. 2016ൽ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മന്റ് പ്ലാൻ (ഐഐഎംപി) പ്രകാരമുള്ള നിർമിതികൾ മാത്രമേ അനുവദിക്കൂ എന്ന ന്യായം നിരത്തിയാണ് കെട്ടിടങ്ങൾ പൊളിക്കാൻ ശ്രമം നടത്തുന്നത്.
നോട്ടീസ് ലഭിച്ചവര് 30നകം മതിയായ രേഖകള് സഹിതം വിശദീകരണം നല്കാനാണ് നിര്ദേശം. വിശദീകരണവും രേഖകളും തൃപ്തികരമല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിക്കണം. അല്ലാത്തപക്ഷം, റവന്യൂ അധികൃതർ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ചെലവ് ഉടമകളിൽനിന്ന് ഈടാക്കുമെന്നും നോട്ടീസില് പറയുന്നു.
കവരത്തിയിലെ വീടുകൾ ഉൾപ്പെടെ 102 കെട്ടിടങ്ങൾക്കാണ് ആദ്യം നോട്ടീസ് നൽകിയത്. പിന്നീട് 52 വീടുകൾക്കുകൂടി നോട്ടീസ് നൽകി. വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് അനധികൃത നിര്മാണങ്ങൾ പൊളിക്കാന് നിർദേശം നൽകിയത് എന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. മാലിദ്വീപിലെ ബീച്ച് ടൂറിസം, വാട്ടർ വില്ലകൾ എന്നിവയ്ക്ക് സമാനമായി ലക്ഷദ്വീപിലെ കടമത്ത്, മിനിക്കോയ്, സുഹേലി എന്നിവിടങ്ങളിൽ റിസോർട്ടുകൾ സ്ഥാപിക്കാനും വികസന പദ്ധതികൾ നടപ്പാക്കാനുമാണ് കേന്ദ്രസർക്കാർ നീക്കം. 806 കോടി രൂപയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതിയാണിത്. നീതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകേന്ദ്രത്തിന്റെയും മേൽനോട്ടത്തിലാകും ഇത് നടപ്പാക്കുക.
കവരത്തിയിൽ നോട്ടീസ് നൽകാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മറ്റും പൊളിച്ചുനീക്കിയിരുന്നു. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മന്റ് പ്ലാൻ അനുസരിച്ചുള്ള നിർമാണങ്ങൾ മാത്രമേ അനുവദിക്കൂ എന്ന നിർദേശവും നോട്ടീസിൽ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം ചെറിയം, സുഹേലി, കൽപ്പേനി ദ്വീപുകളിലെ ഷെഡുകൾ ഒരാഴ്ചയ്ക്കകം പൊളിക്കാൻ കൽപ്പേനി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നോട്ടീസ് നൽകിയിരുന്നു.