കണ്ണൂർ: സ്വർണക്കടത്തും കൊള്ളയും നടത്തുന്ന അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ലേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. രാമനാട്ടുകര അപകടവും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തേടി നടന്ന തെളിവാണ് ഈ കാർ.
മൂന്ന് ദിവസം മുമ്പ് അഴീക്കൽ പോർട്ടിന് സമീപം ഈ കാർ കണ്ടെത്തിയിരുന്നു. പിന്നീട് കാണാതായി. അതേ കാറാണ് പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻമുകളിൽ കണ്ടെത്തിയത്. ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റിയതെന്ന് കരുതുന്നു.
വിവരം ലഭിച്ചതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് പോലീസ് കാർ കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവായിരുന്നസിസജേഷിന്റേതാണ് കാർ. ഈ കാറാണ് അർജുൻ ആയങ്കി കൊട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നമ്പർപ്ലേറ്റ് അഴിച്ചുമാറ്റിയ കാറിന്റെ എൻജിൻ നമ്പറും ഷാസി നമ്പറും പരിശോധിച്ച് പോലീസ് കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
സജേഷിന് ഇത്തരത്തിൽ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. കാർ വാങ്ങിയ അന്നുമുതൽ ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്നാണ് വ്യക്തമാകുന്നത്. നേരത്തേ അഴീക്കൽനിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിയത്.
ഇതേ കാറാണ് കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടതെന്നും ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി ഉപയോഗിച്ചതെന്നുംവ്യക്തമായതിന് ശേഷമാണ് സജീഷ് പരാതി കൊടുത്തിട്ടുളളത്.
Content Highlights: Gold smiggling, Arjun Ayanki, Ramanattukara accident