തിരുവനന്തപുരം: ക്വട്ടേഷൻ സംഘങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും അണികളുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എന്നാൽ തിരുത്തലിന് തയ്യാറായതും ഇതിനെതിരേ പ്രചാരണത്തിന് ഇറങ്ങിയതും ഡിവൈഎഫ്ഐ മാത്രമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ഡിവൈഎഫ്ഐ യാതൊരു സംരക്ഷണവും നൽകിയിട്ടില്ല. ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഉൾപ്പെട്ട ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും 2016ലും 2018ലും ഡിവൈഎഫ്ഐയിൽ നിന്ന് പുറത്തുപോയതാണെന്നും എഎ റഹീം പറഞ്ഞു.
അപര മുഖമണിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളെ ദൂരുപയോഗം ചെയ്യുന്നവർ നിരവധിയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ചില ഗ്രൂപ്പുകൾ കണ്ടാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ ഡിവൈഎഫ്ഐയുടെയോ ഔദ്യോഗിക മുഖമായി ആളുകൾക്ക് തോന്നിപ്പോകും. എന്നാൽ ഇത്തരം ഗ്രൂപ്പുകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ഡിവൈഎഫ്ഐയുടെ കൊടിയും പിടിച്ച് ചെഗുവരയുടെ ടീ ഷർട്ട് ധരിച്ചതുകൊണ്ട് മാത്രം ഡിവൈഎഫ്ഐ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പോരാളി ഷാജി, പി.ജെ ആർമി പേജുകളെ ലക്ഷ്യം വച്ചായിരുന്നു റഹീമിന്റെ വിമർശനം.
ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയുള്ള പാർട്ടിയുടെ സമരം ഏതെങ്കിലും വ്യക്തികൾക്കെതിരേയല്ല മറിച്ച് എങ്ങനെയും പണമുണ്ടാക്കണമെന്ന പ്രവണതയെക്കെതിരേയാണ്. ഇത്തരക്കാരെ പിന്തുണയ്ക്കാൻ ഡിവൈഎഫ്ഐയ്ക്ക് സാധിക്കില്ല. പിന്തുണ നൽകുമായിരുന്നെങ്കിൽ ഇവർക്കെതിരേ പാർട്ടി പരസ്യമായി രംഗത്തിറങ്ങില്ലായിരുന്നുവെന്നും ആദ്ദേഹം വ്യക്തമാക്കി.
conent highlights:aa rahim statement against quotation gang