UEFA EURO 2020: യുവേഫ യൂറൊ കപ്പില്‍ അവസാന എട്ടില്‍ സ്ഥാനം പിടിച്ച് ഡെന്മാര്‍ക്കും ഇറ്റലിയും. വെയില്‍സിനെ എതിരില്ലാത്ത നാലു ഗോളിനാണ് ഡെന്മാര്‍ക്ക് തകര്‍ത്തത്. എന്നാല്‍ ഓസ്ട്രിയയെ ഇറ്റലി കീഴടക്കിയതാവട്ടെ അധിക സമയത്തും.
മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ഇറ്റലിയായിരുന്നു ഒരു പടി മുകളില്‍. മത്സത്തിലുടനീളം ഓസ്ട്രിയയുടെ പോരാട്ട വീര്യം ഇറ്റലി അറിഞ്ഞു. എങ്കിലും നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മത്സരം അധിക സമയത്തേക്ക് നീട്ടി.
95-ാം മിനുറ്റില്‍ ഇറ്റലിയുടെ കാത്തിരിപ്പ് അവസാനിച്ചു. സ്പിനസോളയുടെ അളന്നു മുറിച്ച പാസ് ബോക്സിനുള്ളിലേക്ക്. ഫെഡറിക്കോ ചീസേ ഓസ്ട്രിയന്‍ പ്രതിരോധ താരത്തെ കബളിപ്പിച്ച് പന്ത് വീണ്ടെടുക്കുന്നു. ഗോള്‍വലയുടെ ഇടതു വശത്തു നിന്ന് ഷോട്ട്. പന്ത് അനായാസം വലയിലെത്തി.
പകരക്കാരനായി എത്തിയ മാറ്റയൊ പെസിനയുടെ ഊഴമായിരുന്നു അടുത്തത്. ബോക്സിനുള്ളില്‍ പന്ത് ലഭിച്ച അസര്‍ബിക്ക് പന്ത് കാലില്‍ ഒതുക്കുന്നതിനിടെ വഴുതി വീണു. എങ്കിലും പെസിനയ്ക്ക് പന്ത് തട്ടി നല്‍കി അസര്‍ബി. ബോക്സിനുള്ളില്‍ നിന്ന് പെസിന തൊടുത്ത ഷോട്ട് തടയാന്‍ ഓസ്ട്രിയന്‍ പ്രതിരോധ നിരയ്ക്കായില്ല.
എന്നാല്‍ 114-ാം മിനുറ്റില്‍ മത്സരത്തിന്റെ ആവേശം കൂട്ടി ഓസ്ട്രിയയുടെ ഗോള്‍. സാസ കലാസിച്ചാണ് കോര്‍ണറില്‍ നിന്നുയര്‍ന്ന് വന്ന പന്ത് മൂന്ന് ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ഗോള്‍ നേടിയത്. എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ജയം അസൂറിപ്പടയ്ക്കൊപ്പം നിന്നു.
വെയില്‍സിനെ നാല് ഗോളിന് കീഴടക്കിയാണ് ഡെന്മാര്‍ക്ക് കരുത്ത് തെളിയിച്ചത്. കാസ്പര്‍ ഡോള്‍ബര്‍ഗ് ഇരട്ട ഗോളുകളുമായി തിളങ്ങി. ജോക്കി മാഹ്ലയും, മാര്‍ട്ടിന്‍ ബ്രാത്തവെയ്റ്റുമാണ് മറ്റ് സ്കോറര്‍മാര്‍.
Also Read: UEFA EURO 2020: ഫ്രാൻസ്, ജർമനി, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; മരണഗ്രൂപ്പിൽ തലയെടുപ്പോടെ ഹംഗറി
The post UEFA EURO 2020: അധിക സമയത്ത് ഇറ്റാലിയന്‍ തേരോട്ടം; ഡെന്മാര്‍ക്കും ക്വാര്‍ട്ടറില്‍ appeared first on Indian Express Malayalam.