തിരുവനന്തപുരം
ബിജെപി ഔദ്യോഗിക വിഭാഗത്തിന്റെ കുഴൽപ്പണ ഇടപാടിനും ഫണ്ട് വെട്ടിപ്പിനും കൂടുതൽ തെളിവ് നിരത്തി പ്രാദേശിക നേതാക്കൾ. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കുമെന്ന ഭീഷണിക്കിടെയാണ് സഹികെട്ട പ്രവർത്തകരുടെ ഏറ്റുപറച്ചിൽ.
വയനാട് ബിജെപിയുലുണ്ടായ തർക്കവും കൂട്ടരാജിയുമാണ് സംസ്ഥാന തലത്തിലേക്കും വ്യാപിക്കുന്നത്. സുരേന്ദ്രൻ നേതൃത്വത്തിൽ തുടർന്നാൽ ബിജെപിയിൽ വൻകലാപം തുടരുമെന്ന് വിമതർ പറയുന്നു. സി കെ ജാനുവിന് പണം നൽകിയത് പി കെ കൃഷ്ണദാസ് അറിയരുതെന്ന സുരേന്ദ്രന്റെ ഫോൺ സന്ദേശം ഗ്രൂപ്പ് തർക്കം മറ്റൊരു തലത്തിലാക്കി. വി മുരളീധരനും സുരേന്ദ്രനും ചേർന്ന് ബിജെപിയെ വിൽക്കുകയാണെന്ന വികാരമാണ് പ്രവർത്തകർക്കുള്ളത്. കോഴഇടപാടിൽ പങ്കുള്ള എം ഗണേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വയനാട് യുവമോർച്ച നേതാവ് ദീപു പുത്തൻപുരയ്ക്കലിനെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ കോഴക്കേസ് പുറത്തുകൊണ്ടുവന്നതിലുള്ള പകയാണ് ദീപുവിന്റെ പുറത്താക്കലിന് പിന്നിൽ. തുടർന്നാണ് ബത്തേരി കമ്മിറ്റിയിൽ കൂട്ടരാജിയുണ്ടായത്. നേതൃത്വത്തിന്റെ ഫണ്ട് വെട്ടിപ്പ് കൈയോടെ പിടിച്ച കരുനാഗപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി രാജിരാജനും ഇവർക്കെതിരെ പരസ്യമായി പ്രതികരിച്ചു. നാല് ലക്ഷം രൂപ സ്ഥാനാർഥിതന്നെ മുക്കിയെന്നാണ് രാജി പറയുന്നത്.
കേന്ദ്രത്തെ സ്വാധീനിച്ച് നേതൃത്വത്തിൽ തുടരുമെന്നും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമെന്നുമുള്ള നിലപാടിലാണ് വി മുരളീധരനും സുരേന്ദ്രനും. എന്നാൽ, അതിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് വിമത വിഭാഗം. വരും ദിവസങ്ങളിൽ കൂടുതൽ പ്രാദേശിക യൂണിറ്റുകൾ സുരേന്ദ്രനെതിരെ രംഗത്തു വരുമെന്നും ഇവർ സൂചിപ്പിക്കുന്നു.
സി കെ ജാനുവിന് കോഴ:
നിഷേധിക്കാതെ കെ സുരേന്ദ്രൻ
ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാവാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന വെളിപ്പെടുത്തൽ നിഷേധിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട പുതിയ സംഭാഷണ ശബ്ദരേഖയെക്കുറിച്ച് വാർത്താലേഖകരുടെ ചോദ്യത്തിലാണ് സംഭാഷണം നിഷേധിക്കാൻ തയ്യാറാകാതിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും എല്ലാം അന്വേഷിക്കട്ടെ എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ, അപ്പോൾ മൊഴിനൽകുമെന്നും പറഞ്ഞു. രാമനാട്ടുകര സ്വർണക്കടത്തിൽ സിപിഐ എമ്മിന് പങ്കുണ്ടെന്നും കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.