കൊച്ചി
കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്താൻ മുസ്ലിംലീഗ് കാണിച്ച ധൈര്യംപോലും കെ ബാബുവിന്റെ കാര്യത്തിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന് കാണിക്കാനായില്ലെന്ന് കോൺഗ്രസ് വിട്ട മുൻ കെപിസിസി അംഗം എ ബി സാബു. സ്ഥാനാർഥി നിർണയത്തിലും ഗ്രൂപ്പുകളുടെ വീതംവയ്പും കച്ചവടവുമാണ് നടന്നത്. അതുകൊണ്ടാണ് കെ ബാബുവിനെപ്പോലുള്ള ആരോപണവിധേയരെ ഒഴിവാക്കാൻ കോൺഗ്രസിന് കഴിയാതിരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാബുവിനെ സ്ഥാനാർഥിയാക്കരുതെന്ന് താനുൾപ്പെടെ പലരും ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്താൻ ലീഗിന് കഴിഞ്ഞു. അത്രയെങ്കിലും ബാബുവിന്റെ കാര്യത്തിലും വേണമെന്നായിരുന്നു ആവശ്യം. ബിജെപി വോട്ട് വാങ്ങിയും ബാർ കോഴ ആരോപണത്തിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ബാബു വിജയിച്ചത്. ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പേ ബാബു അവകാശപ്പെട്ടു. കച്ചവടം ഉറപ്പിച്ചശേഷമാണ് അദ്ദേഹം അത് പറഞ്ഞത്. വോട്ടുകൾ ചോർന്നതായി ബിജെപി സ്ഥാനാർഥിയും പിന്നീട് വ്യക്തമാക്കിയെന്നും സാബു പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പിന്റെ പേരിലുള്ള കച്ചവടവും വീതംവയ്പുമൊന്നും നേതൃമാറ്റംകൊണ്ട് ഇല്ലാതാകാൻ പോകുന്നില്ല. ഗ്രൂപ്പുകളിയുടെ ഭാഗമായുണ്ടായ സംഘടനാദൗർബല്യവും അന്ധമായ കമ്യൂണിസ്റ്റ് വിരോധ നയവും നിലപാടുകളുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. അത് നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. കോൺഗ്രസ് നേതൃത്വം കാലാനുസൃതമായി മാറാനോ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനോ ശ്രമിക്കുന്നില്ല. മഹാദുരിതങ്ങളുടെ കാലത്ത് കൈത്താങ്ങായി നിന്നതിന് ജനതയർപ്പിച്ച വിശ്വാസമാണ് എൽഡിഎഫ് ഭരണത്തുടർച്ചയ്ക്ക് കാരണം. ദുരിതകാലത്ത് സർക്കാർ ഭക്ഷ്യകിറ്റുകൾ നൽകിയതുകൊണ്ടാണ് സാധാരണക്കാരന്റെ വീടുകളിൽ അടുപ്പ് പുകഞ്ഞതെന്ന കാര്യം കോൺഗ്രസ് തിരിച്ചറിയുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുകൊണ്ടാണോ രാജി എന്ന ചോദ്യത്തിന്, അങ്ങനെയായിരുന്നെങ്കിൽ മുമ്പേ രാജിവയ്ക്കാമായിരുന്നെന്ന് സാബു മറുപടി നൽകി. തെരഞ്ഞെടുപ്പുകാലത്തൊക്കെ പേര് പരിഗണിക്കാറുണ്ട്. ഗ്രൂപ്പ് പങ്കിടലിൽ അവഗണിക്കപ്പെടുകയാണ് പതിവ്. അന്നൊന്നും രാജിവച്ചിട്ടില്ലെന്നും സാബു പറഞ്ഞു.