തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കുറ്റവാളികൾക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടന,ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി നിർവഹിച്ച്സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്തിടെയായി വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടിൽ ഈ സാമൂഹിക വിപത്തിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി പുതിയ ചില പദ്ധതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് പോലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും ആത്മാർഥമായ സഹകരണം ആവശ്യമാണ്.
ഏതെങ്കിലും ഒരുപ്രദേശത്ത് പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാൻ സ്ത്രീകൾ പ്രയാസപ്പെടുന്നുവെങ്കിൽ അങ്ങോട്ട് ചെന്ന് പരാതി സ്വീകരിക്കാൻസൗകര്യം ഉണ്ടാക്കണം. അതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തണമെന്നുംപരാതികൾ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. സ്ത്രീകളുടെ പ്രത്യേക സുരക്ഷ മുൻനിർത്തിക്കൊണ്ടാണ് പിങ്ക് പോലീസ് സംവിധാനം വലിയതോതിൽ ഏർപ്പെടുത്തിയിട്ടുളളത്. പോലീസിനെ സമീപിക്കുമ്പോൾ സൗഹാർദപരമായി പെരുമാറുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുവേണ്ടിയുമാണ് പിആർ ഉണ്ടാകണം എന്നുപറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത്തരം ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ട ഒരു നാടായി മാറേണ്ടതല്ല കേരളം. ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ സമൂഹത്തിന് അതിന്റേതായ ഉത്തരവാദിത്തമുണ്ട്. പോലീസ് എന്ന നിലയ്ക്ക് കുറേക്കൂടി ഫലപ്രദമായ നടപടികളിലേക്ക് കടക്കാനാകണം. ഏതെങ്കിലും തരത്തിലുളള വിഷമം അനുഭവിക്കുന്ന സ്ത്രീയുടെ ഒറ്റ ഫോൺകോളിലൂടെ ആ സ്ഥലത്തേക്ക് എത്തിപ്പെടാനാകണം. കുറ്റവാളികൾക്ക് അതിവേഗതയിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ വേണം. സെഷൻ കോടതിയും അതിന് താഴെയുളള കോടതിയും സ്പെഷ്യൽ കോടതിയായി അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.