ദർശൻ പ്രശാന്ത് എന്ന് തന്നെ പേരുള്ള യൂട്യൂബ് ചാനലിൽ കഴിഞ്ഞ മാസം 30നാണ് 51 സെക്കന്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. “നമസ്കാരം സുഹൃത്തുക്കളെ, ഞാൻ ദർശൻ പ്രശാന്ത്. ഞാൻ പുതിയ പ്രൊഡക്ടിനെ പരിചയപ്പെടുത്തുകയാണ്. നമ്മളെ തൈര് മുളക് തോണ്ടാട്ടം” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. “ശുദ്ധമായ തൈരിൽ നിർമ്മിച്ചെടുക്കുന്ന തൈര് മുളക് തോണ്ടാട്ടം. വിനാഗിരി ഒട്ടും ചേർക്കാതെയാണ് ഞങ്ങൾ ഈ തൈര് മുളക് തോണ്ടാട്ടം ഉണ്ടാക്കുന്നത്. അത് പകൽ സൺലൈറ്റിൽ ഉണക്കിയെടുത്ത്…” എന്നിങ്ങനെ പോകുന്നു ദർശൻ പ്രശാന്തിന്റെ വിവരണം. ഉച്ചാരണം കൃത്യമല്ലാത്തതുകൊണ്ട് വിനാഗിരിക്ക് ‘വിനാഗിനി’ എന്നൊക്കെയാണ് കുഞ്ഞു ദർശൻ പറയുന്നത്.
യുവ ഗാനരചയിതാവും ഗായകനുമായ അശ്വിൻ ഭാസ്കർ ഈ വീഡിയോയിലെ ദർശന്റെ വാക്കുകൾ ഉപയോഗിച്ച് റീമിക്സ് ക്രമീകരിച്ചതോടെയാണ് ‘നമ്മളെ തൈര് മുളക് തോണ്ടാട്ടം’ പാട്ട് പിറവിയെടുത്തത്. അധികം താമസമില്ലാതെ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു.
തന്റെ പിതാവ് പ്രവാസി ആയിരുന്നു എന്നും കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നു എന്നും ദർശൻ പ്രശാന്ത് 24 ന്യൂസിനോട് പറഞ്ഞു. പിന്നീട് ഒരു ഫുഡ് കമ്പനി തുടങ്ങി എന്നും പപ്പയുടെ വിഷമഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് താൻ തൊണ്ടാട്ടത്തിന്റെ വീഡിയോ എടുത്ത് യൂബിലിട്ടത് എന്നും ദർശൻ വ്യക്തമാക്കുന്നു. പുത്തൻ ബിസിനസ്സിൽ മകൻ തനിക്ക് പ്രചോദനമായെന്ന് പിതാവ് ജഗൻ പ്രശാന്ത് പറഞ്ഞു. ജഗൻ ഫുഡ് പ്രോഡക്ട് എന്ന ജൈവഭക്ഷണ കമ്പനിക്ക് ഏറെ പ്രചാരം നൽകി ‘തൈര് മുളക് തോണ്ടാട്ടം’ പാട്ട്.
ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപഴം പരമ്പരയിലെ നടി ശ്രുതി രജനികാന്ത് അടുത്തിടെ ‘തൈര് മുളക് തോണ്ടാട്ടം’ പാട്ടിന്റെ പശ്ചാത്തലത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഷർട്ടും മുണ്ടും ധരിച്ച് അടുക്കളയിൽ പാചകം ചെയ്യുന്നതോടപ്പം തൈര് മുളക് തോണ്ടാട്ടം പാട്ടീൽ ഡാൻസ് കളിക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക് റിയാലിറ്റി ഷോ താരവുമായ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യവുമായ ചൈതന്യ പ്രകാശും ‘തൈര് മുളക് തോണ്ടാട്ടം’ പാട്ടിൽ ചുവടുവച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.