കായംകുളം>കായംകുളത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സുചിത്രയെ ഭർത്ത്വീട്ടുകാർ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ. കൃഷ്ണപുരം കൊച്ചുമുറി സുനിൽഭവനത്തിൽ സുചിത്ര(19) യെ കഴിഞ്ഞ ദിവസമാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. കൊല്ലത്ത് വിസ്മയയുടെ മരണ വാര്ത്ത കേട്ടപ്പോള് മകളെ വിളിച്ചിരുന്നുവെന്നും എന്നാല് അങ്ങനയൊന്നും ചെയ്യില്ലെന്ന് മകള് ഉറപ്പ് നല്കിയതാതാണെന്നും സുചിത്രയുടെ അമ്മ പറയുന്നു.
മാർച്ച് 21നായിരുന്നു വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനിൽ കരസേന ഉദ്യോഗസ്ഥനായ വിഷ്ണുവുമായുള്ള വിവാഹം. സ്ത്രീധനമായി 51 പവനും ടുവീലറും നൽകാമെന്നായിരുന്നു ധാരണയെങ്കിലും പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് കാർ നൽകി. കൂടാതെ വിവാഹത്തിന് മുമ്പ് വിഷ്ണുവിന്റെ സഹോദരിക്കായി 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു. പണം നൽകിയാൽ വീടിനും സ്ഥലത്തിനും സുചിത്രയ്ക്ക് കൂടി അവകാശം കാണിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വിഷ്ണുവിന്റെ രക്ഷിതാക്കൾ പിൻവാങ്ങി. വിവാഹശേഷം കടംതീർക്കാൻ പത്തുലക്ഷം ആവശ്യപ്പെട്ടിരുന്നു. സുചിത്രയുടെ സ്വര്ണത്തില് കുറച്ച് ഭര്ത്താവിന്റെ വീട്ടുകാര് പണയം വച്ചു. ബാക്കി സ്വര്ണം ലോക്കറില് വയ്ക്കാന് ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളാവുകയായിരുന്നു. വിവാഹദിവസം വിഷ്ണുവിന്റെ അമ്മ സുചിത്ര ഇട്ട വള ഊരി സുചിത്രയുടെ മുഖത്തെറിഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.
പല ഘട്ടങ്ങളിലും ഇക്കാര്യങ്ങൾ സുചിത്ര അമ്മയെ ഫോണിൽ അറിയിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് സുചിത്ര അമ്മയെ വിളിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞില്ല. മരണദിവസം രാവിലെ സംശയാസ്പദമായി ഒരാൾ വള്ളികുന്നത്തെ വീട്ടിൽ എത്തിയിരുന്നതായും ബസുക്കൾ ആരോപിക്കുന്നു.
വിഷ്ണു ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോയതോടെ ഭർത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നു. 20 വയസിന് മുമ്പ് വിവാഹം നടന്നില്ലെങ്കില് വിവാഹം വൈകുമെന്ന് ജോതിഷി പറഞ്ഞിരുന്നു. അതാണ് പ്ലസ് ടു കഴിഞ്ഞയുടനെ വിവാഹം കഴിപ്പിച്ചതെന്ന് കുടുംബം പറയുന്നു.