തിരുവനന്തപുരം: എം.സി ജോസഫൈന് പകരം വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച സി.പി.എമ്മിൽ തുടരുന്നു. മുൻമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മുൻ എം.പി സി.എസ്. സുജാത, സുജാ സൂസൻ ജോർജ്, പി. സതീദേവി,ടി.എൻ സീമ തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്.
എന്നാൽ വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ നിഷ്പക്ഷ്തയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിർത്താൻ പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ കണ്ടെത്തണമെന്ന ആവശ്യമാണ് കൂടുതലും ഉയരുന്നത്. മന്ത്രിസ്ഥാനം നൽകാതെ ഒഴിവാക്കിയതിനാൽ ശൈലജയെ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. എന്നാൽ നിലവിൽ എം.എൽ.എ. ആയിരിക്കുന്നതിനാൽ ശൈലജയെ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല.
സ്ഥാനമൊഴിയാൻ എട്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്. എന്നാൽ മറ്റ് കമ്മീഷൻ അംഗങ്ങൾക്ക് ബാക്കി കാലം തുടരാം. അതിനാൽ നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷൻ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.
അതിന് ശേഷം പാർട്ടി ബന്ധങ്ങളുള്ള, എന്നാൽ സജീവ രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖനേതാക്കളെ കൊണ്ടുവരുന്നതാകും ഉചിതമെന്ന ചിന്തയും പാർട്ടിയിലുണ്ട്.
1996-ൽ വനിതാകമ്മീഷൻ രൂപീകൃതമായപ്പോൾ അധ്യക്ഷ ആയത് കവയിത്രി സുഗതകുമാരി ആയിരുന്നു. ഈ മാതൃകയിൽ പൊതുസമൂഹത്തിന് സ്വീകാര്യയായ ആരെയെങ്കിലും കണ്ടെത്തണമെന്ന നിർദ്ദേശം പാർട്ടിക്ക് മുന്നിലുണ്ട്.
ഇതിനൊപ്പം വനിതാ കമ്മിഷന് കൂടുതൽ അധികാരം നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന പരാതികളിൽ പോലീസിൽ നിന്നും റിപ്പോർട്ടു തേടാനും സർക്കാരിലേക്ക് പഠന റിപ്പോർട്ടുകൾ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കു. അതിനപ്പുറത്തേക്ക് നടപടികൾ സ്വീകരിക്കാൻ അധികാരമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കും.
content highlights:who will become kerala state women commission chairperson