കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിലെ അവസാന രണ്ടു സ്ഥാനങ്ങൾക്കായി മത്സരിച്ചു മൂന്ന് ടീമുകൾ. പെറു, ഇക്വഡോർ, വെനിസ്വേല ടീമുകളാണ് അവസാന രണ്ടു സ്ഥാനങ്ങളിലെത്താൻ മത്സരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾക്കാണ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം ലഭിക്കുക. ഗ്രൂപ്പ് ബിയിൽ ഒമ്പതു പോയിന്റുകളുമായി ബ്രസീൽ ഒന്നാമതും, നാല് പോയിന്റുകളുമായി കൊളംബിയയും പെറുവും രണ്ടാം സ്ഥാനത്തും, രണ്ടു പോയിന്റുകളുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തും, വെനിസ്വേല നാലാം സ്ഥാനത്തുമാണ്. ഇതിൽ നാല് മത്സരങ്ങളും പൂർത്തിയാക്കിയ ടീം കൊളംബിയ മാത്രമാണ്.
ഞായറാഴ്ച വെനിസ്വേലക്ക് എതിരെ പെറു ജയിക്കുകയാണെങ്കിൽ പെറു ക്വാർട്ടറിലേക്ക് കടക്കും. ഇക്വഡോറിന് ആതിഥേയരായ ബ്രസീലിനെ തോൽപ്പിച്ചാൽ ക്വാർട്ടറിലേക്ക് കടക്കാനാകും. പെറുവിനെതിരെ വെനസ്വേല ജയിക്കാതിരിക്കുകയും ഗോൾ വ്യത്യാസത്തിൽ വലിയ മാറ്റമൊന്നും വരാതിരിക്കുകയും ചെയ്താൽ ഇക്വഡോറിന് തോൽവിയോടെയും ക്വാർട്ടറിൽ കടക്കാനാകും. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇക്വഡോറിന് ഒരു ഗോളിന്റെ കുറവും വെനസ്വേലക്ക് മൂന്ന് ഗോളിന്റെ കുറവുമാണുള്ളത്.
ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ബൊളീവിയ ഇതിനോടകം പുറത്തായി. ഏഴ് പോയിന്റുമായി അർജന്റീനയാണ് ഗ്രൂപ്പിൽ ഒന്നാമത്. ആറ് പോയിന്റുകളുമായി പാരഗ്വായ് രണ്ടാമതും അഞ്ച് പോയിന്റുകളുമായി ചിലി മൂന്നാമതും, നാല് പോയിന്റുകളുമായി ഉറുഗ്വായ് നാലാമതുമാണ്. ഇതിൽ നാലാം സ്ഥാനത്ത് വരുന്ന ടീം ആയിരിക്കും ക്വാർട്ടറിൽ ബ്രസീലിനെ നേരിടുക.
Read Also: Copa America 2021: അവസരങ്ങൾ പാഴാക്കി മുന്നേറ്റനിര; ഒടുവിൽ ഉറുഗ്വായ്‌ക്ക് ജയം
ഉറുഗ്വായ് തിങ്കളാഴ്ച പാരഗ്വയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ചിലിയെ നാലാമതാക്കാൻ സാധിക്കും. ചിലി ഗ്രൂപ്പ് സ്റ്റേജിലെ നാല് മത്സരങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.
The post കോപ്പ അമേരിക്ക ക്വാർട്ടറിലെ അവസാന രണ്ടു സ്ഥാനങ്ങൾക്കായി കണ്ണും നട്ട് മൂന്ന് ടീമുകൾ appeared first on Indian Express Malayalam.