ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ തകർന്നു. ഏഴാം നമ്പർ ഷട്ടറാണ് തകർന്നത്. ഷട്ടർ തകർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷട്ടർ തകർന്നു വീണതോടെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ലീഡിങ് ചാനലിലേക്കും ടി.എസ്. കനാലിലേക്കും കയറാൻ സാധ്യതയുണ്ട്.
ഇന്ന് വെളുപ്പിനാണ് സ്പിൽവേയുടെ ഷട്ടർ തകർന്നുവീണത്. ഷട്ടർ പൂർണമായും വെള്ളത്തിലേക്ക് വീണു. ഇപ്പോൾ വേലിയിറക്ക സമയം ആയതിനാൽ വലിയ പ്രശ്നമില്ല. എന്നാൽ വേലിയേറ്റ സമയത്ത് കടലിൽനിന്ന് വെള്ളം തിരിച്ച് തോട്ടപ്പള്ളി ലീഡിങ് ചാനലിലേക്കും അതുപോലെ തന്നെ അതുവഴി പൂക്കൈതയാറിലേക്കും ടി.എസ്. കനാലിലേക്കും മറ്റും എത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ രണ്ടാംകൃഷിയെ അത് ബാധിക്കും.
സ്പിൽവേ ഷട്ടറുകളുടെ നവീകരണത്തിനായി രണ്ടരക്കോടി രൂപ കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ വൈകി. ആദ്യം ടെൻഡർ എടുക്കാൻ ആളുകൾ എത്തിയില്ല. വീണ്ടും ടെൻഡർ നടത്താൻ പോകുന്നതിനിടെയാണ് ഇപ്പോൾ സ്പിൽവേയുടെ ഷട്ടർ തകർന്നുവീണിരിക്കുന്നത്.
content highlights:thottappally spillway shutter collapsed