കോഴക്കോട്: സ്വർണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി ഇജാസ് (26)അറസ്റ്റിൽ. കേസിൽ പ്രധാനിയെന്ന് പോലീസ് കരുതുന്നസൂഫിയാന്റെ സഹോദരനാണ് ഇജാസ്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നൽകിയത് ഇജാസാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതേ സമയം തനിക്കെതിരായ ആരോപണം ഇജാസ് നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരുന്നതിനാണെന്നാണ് ഇജാസ് പോലീസിനോട് പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടെ ചെർപ്പുളശ്ശേരി സ്വദേശികളായ ക്വട്ടേഷൻ സംഘത്തിൽ അറസ്റ്റിലായ എട്ടുപേരിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ഒരു രാത്രി മുഴുവൻ പോലീസ് ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ചോദ്യം ചെയ്യൽ തുടരും. ഇവരെ തെളിവെടുപ്പിനായി സംഘർഷമുണ്ടായി എന്ന് പറയുന്ന ന്യൂമാൻ ജങ്ഷൻ അപകടമുണ്ടായ രാമനാട്ടുകരയിലും എത്തിക്കും.














