തിരുവനന്തപുരം
നേതൃമാറ്റത്തിലെ എതിർപ്പ് രാഹുൽ ഗാന്ധിയെ അറിയിച്ചതോടെ പുനഃസംഘടനയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചന നൽകി ഉമ്മൻചാണ്ടി. പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നീരസ പ്രകടനത്തിന് പിന്നാലെയാണ് ഉമ്മൻചാണ്ടിയും രംഗത്തിറങ്ങിയത്. ഇതോടെ തുല്യ ദുഃഖിതരായ എ യും വഴിയാധാരമായ ഐ ഗ്രൂപ്പിലെ നേതാക്കളും പുനഃസംഘടനയ്ക്കായി അരയും തലയും മുറുക്കുമെന്നുറപ്പ്. ഗ്രൂപ്പ് രഹിത ഭാരവാഹികൾ എന്ന കെ സുധാകരന്റെയും കെ സി വേണുഗോപാലിന്റെയും നീക്കത്തിന് തടയിടുകയാണ് ലക്ഷ്യം. യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും ‘രാഹുൽ ബ്രിഗേഡ്’ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീക്കം തുടങ്ങി. എന്നാൽ കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്കുശേഷം മതിയെന്ന ആലോചനയുമുണ്ട്. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും രാഹുൽ ഗാന്ധി ഡൽഹിയിൽ വിളിച്ച് നടത്തിയ അനുനയനീക്കങ്ങളും പാളിയിരുന്നു. ഗ്രൂപ്പുകൾ അനുനയപ്പെട്ടൂവെന്ന് കരുതിയ നേതൃത്വത്തിന് ഈ പുതിയ നീക്കം തിരിച്ചടിയാണ്. ജൂലൈ ആദ്യം ഇരുവരുമായും കെ സുധാകരൻ പുനഃസംഘടന ചർച്ച തുടങ്ങും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹി പട്ടിക നൽകാൻ അനുവദിക്കില്ലെന്ന നിലപാടാണ് കെ സുധാകരന്റേത്. അതേസമയം, മൂന്ന് വൈസ് പ്രസിഡന്റുമാരിൽ രണ്ട് പേർ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിർദേശിക്കുന്നവരായിരിക്കും.
ഇരുവരും പഴയ നേതാക്കളുടെ പേരാണ് നൽകുന്നതെങ്കിൽ അംഗീകരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനങ്ങളും പങ്കിടും. ഇരുവർക്കും ഒപ്പം നിൽക്കുന്നവരെ ചിതറിച്ച് പാർടി പിടിച്ചെടുക്കാനുള്ള തന്ത്രത്തിനാണ് സുധാകരപക്ഷം ശ്രമിക്കുന്നത്. ഇതിനായി ‘മെറിറ്റ് ’ വാൾ ഉയർത്തിയായിരിക്കും നീക്കം. മൂന്ന് മാസത്തിനുള്ള ഭാരവാഹികളെ തീരുമാനിക്കാനാണ് ഇവർ ആലോചിക്കുന്നത്.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പുനഃസംഘടന മാനദണ്ഡത്തിന് അംഗീകാരം വാങ്ങിയാൽ സുഗമമാകുമെന്നാണ് സുധാകരന്റെ കണക്കുകൂട്ടൽ. എ ഗ്രൂപ്പിൽ വലിയ തോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ലെങ്കിലും ഐയുടെ കാര്യം അങ്ങനെയല്ല. വി ഡി സതീശൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ അടുത്തകാലംവരെ ഐ ഗ്രൂപ്പിലായിരുന്നു. അവർ വിട്ടതോടെ അവശേഷിച്ച ചുരുക്കം നേതാക്കളാണ് ഐ ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് ചെന്നിത്തലയ്ക്ക് ഒപ്പമുള്ളത്.
രാഹുലിനെ വിയോജിപ്പ് അറിയിച്ചു
കേരളത്തിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയോടുള്ള വിയോജിപ്പ് ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ അയച്ച മല്ലികാർജുൻ ഖാർഗെ സമിതിയുടെയും തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതിയുടെയും പ്രവർത്തനരീതി സുതാര്യമായിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു.
നേതൃമാറ്റത്തിൽ പ്രശ്നമില്ല. എന്നാൽ, അതിനുള്ള ചർച്ചകൾ സുതാര്യമാകേണ്ടിയിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് മാറേണ്ടിവരുമെന്ന് ചെന്നിത്തലയ്ക്ക് സൂചന നൽകാമായിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് സംഘടനാ ദൗർബല്യം മാത്രമല്ല കാരണം. കോവിഡ് സാഹചര്യം സർക്കാരിന് അനുകൂലമായി. സർക്കാർ ഇടപെടലുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിപക്ഷത്തിന് പരിമിതികളുണ്ടായിരുന്നതായും- ഉമ്മൻ ചാണ്ടി അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹം ഉമ്മൻ ചാണ്ടി തള്ളി. ചുമതലയുള്ള ആന്ധ്രയിലേക്ക് പോകുമെന്ന് അദേഹം പറഞ്ഞു. വ്യാഴാഴ്ച എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മൻ ചാണ്ടി വെള്ളിയാഴ്ച കേരളഹൗസിൽ കെ മുരളീധരനുമായും ചർച്ച നടത്തി.















