തിരുവനന്തപുരം
കളിച്ചും ചിരിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ വീട്ടുകാരൊരുക്കിയ ‘താലിക്കുരുക്കി’ൽനിന്ന് സർക്കാർ രക്ഷിച്ചത് 279 ‘കുട്ടി’കളെ. ഇത്രയും ശൈശവ വിവാഹങ്ങളാണ് 2019 മുതൽ 2021 മാർച്ചുവരെ സംസ്ഥാന സർക്കാർ തടഞ്ഞത്. ആകെ 340 പരാതി ലഭിച്ചു. 18വയസ്സ് പൂർത്തിയാകുംമുമ്പ് വിവാഹം നടത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ പരാതി മലപ്പുറം ജില്ലയിലാണ്. വയനാടും പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ശൈശവ വിവാഹം രാജ്യത്ത് നിരോധിച്ചതാണ്, ജാമ്യമില്ലാത്ത കുറ്റമാണ് ഇത്. ഇത്തരം വിവാഹത്തിന് മുതിർന്നാൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം രണ്ട് വർഷം കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും. ആരെങ്കിലും ശൈശവ വിവാഹം നടത്തുകയോ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താലും സമാനമാണ് ശിക്ഷ. ശൈശവ വിവാഹം ഇല്ലാതാക്കാൻ നിരവധി പ്രവർത്തനം നടത്തുന്നുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ 22,373 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിനു പുറമെ ജില്ലാ ശിശുവികസന പദ്ധതി ഓഫീസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ നിയോഗിച്ച് ശൈവ വിവാഹം തടയാനുള്ള ഇടപെടലും നിരന്തരം നടത്തുന്നു. ഇതെല്ലാം അതിവിദഗ്ധമായി മറികടന്ന് ശൈശവ വിവാഹം പലരും തുടരുന്നതായാണ് കണക്ക് വ്യക്തമാക്കുന്നത്.
അറിയിക്കൂ, നേടൂ പാരിതോഷികം
ശൈശവ വിവാഹം തടയാൻ ‘പൊൻവാക്ക്’ പദ്ധതി. വിവാഹ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം നൽകും. വിവരങ്ങൾ നൽകുന്ന ആളിന്റെ പേരോ വിവരമോ വെളിപ്പെടുത്തില്ല. പാരിതോഷികം രഹസ്യ സ്വഭാവം നിലനിർത്തി കൈമാറും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.