കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനേ തുടർന്ന് കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ ബന്ധുവായ ഗ്രീഷ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യ അവരുടെ ബന്ധു എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
രേഷ്മ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ സിം കാർഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുപയോഗിച്ചാണ് ഇവർ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഫെയ്സ്ബുക്കിൽ ഒരിക്കൽ പോലും കാണാത്ത വ്യക്തി നൽകിയ നിർദേശം അനുസരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ തേടുന്നതിനായാണ് ഇവരെ വിളിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അവർ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി ഇവർ പോകുന്നതായി കണ്ടിരുന്നു. ഇത്തിക്കരയാറ്റിൽ ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: Kollam Newborn death: Body of one missing lady found from Ithikkara River