തിരുവനന്തപുരം: വനിതകമ്മിഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈൻ രാജിവെച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കടം വാങ്ങിച്ച് കടക്കെണിയിലായ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചുചെന്ന് അവർക്ക് വീണ്ടും ഒരു ഭാരമാകരുതെന്ന് വിചാരിച്ചാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആ ഘട്ടത്തിലാണ് വനിതകമ്മിഷൻ പോലൊരു സ്ഥാപനം ഈ പാവപ്പെട്ട പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടത്. ഞങ്ങൾക്ക് നിങ്ങളുണ്ട്. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങളുണ്ടാകും. നിങ്ങൾക്ക് താങ്ങായി തണലായി ഞങ്ങളുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കേണ്ട ഒരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് ആ സ്ഥാപനത്തിന്റെ സവിശേഷതയെയും അതിന്റെ നിലനിൽപിനെയും ബാധിക്കുന്ന തരത്തിലാണ്- സതീശൻ പറഞ്ഞു.
ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നല്ല തീരുമാനമാണ്. അത് നേരത്തെ ആയിരുന്നെങ്കിൽ കുറച്ചുകൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യായീകരണ ക്യാപ്സൂൾ ഇറക്കി അവരെ രക്ഷപ്പെടുത്താൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി. ഡി.വൈ.എഫ്.ഐ. വരെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നു. അത് കേരളത്തിൽ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം സി.പി.എമ്മിന് എടുക്കേണ്ടി വന്നതെന്നും സതീശൻ പറഞ്ഞു. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത് നല്ലത് എന്നു തന്നെ താൻ പറയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
content highlights: vs satheesan on mc josephine resignation