കൊച്ചി> രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അശോക് മേനോനാണ് ഹർജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്.
ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാരങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിലെ പരാമർശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ആയിഷ സുൽത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യം തേടി അയിഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയിൽ ജൂൺ 17ന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും അറസ്റ്റിന് ശേഷം വിണ്ടു ചോദ്യം ചെയ്യണമെങ്കിൽ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്നും അന്ന് വ്യവസ്ഥചെയതിരുന്നു.തുടർന്ന് ചോദ്യം ചെയ്യലിനായി അയിഷ കവരത്തിയിലെത്തി.
അതേസമയം അയിഷ സുൽത്താനയെ കവരത്തി പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മൂന്നാംതവണയാണ് കവരത്തി പൊലീസ് ആയിഷയെ ചോദ്യംചെയ്യുന്നത്. രണ്ടരമണിക്കൂർ ചോദ്യംചെയ്യൽ നീണ്ടുനിന്നു. മടങ്ങാൻ അനുമതി ലഭിച്ചതിനാൽ കോവിഡ് പരിശോധനയ്ക്കുശേഷം ശനിയാഴ്ച കൊച്ചിയിലേക്ക് തിരിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് ആയിഷ സുൽത്താന ചോദ്യംചെയ്യലിനായി കവരത്തി പൊലീസിൽ ഹാജരായത്.