തിരുവനന്തപുരം: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
ജോസഫൈനെതിരെ ഇടത് മുന്നണി പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാർട്ടി നേതൃത്വം ഇടപെടലുകളുമായി എത്തുന്നത്.
അതേ സമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താൻ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അർത്ഥത്തിലല്ലെന്നുമാണ് ജോസഫൈൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.
എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവനയെന്നും മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അണികളിൽ നിന്നടക്കം രൂക്ഷപ്രതികരണങ്ങൾ വരുന്ന സാഹചര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള നടപടിയെടുക്ക് പാർട്ടി നിർബന്ധിതമായിരിക്കുകയാണ്.