കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വിവരാവകാശനിയമപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂരജ് ബോധിപ്പിച്ചു. കേസിൽ തീർപ്പാകുംവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും
ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ നാലാംപ്രതിയാണ് സൂരജ്.