കൊല്ലം: തത്സമയ ചാനൽ പരിപാടിക്കിടെ വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയിൽ സംസാരിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് അവർ തിരുത്തണമെന്ന് പികെ ശ്രീമതി പ്രതികരിച്ചു.
നെറ്റ് കിട്ടാത്തത് കൊണ്ട് ജോസഫൈന്റെ പരാമർശം എന്താണെന്ന് വ്യക്തമായില്ല. മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും വിശദീകരണം നൽകണം. ഒരു പൊതുപ്രവർത്തക കേരളത്തിലെ എല്ലാവരോടും സ്നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം.എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും, പ്രശ്നം ഉണ്ടെങ്കിൽ അവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പികെ ശ്രീമതി പ്രതികരിച്ചു.
മാറണം മനോഭാവം സ്ത്രീകളോട് എന്ന പേരിൽ 26 മുതൽ ക്യാംപയിൻ സംഘടിപ്പിക്കുമെന്നും പികെ ശ്രീമതി അറിയിച്ചു. പുരുഷ കേന്ദ്രീകൃതമായി കാലങ്ങളായി തുടരുന്ന കല്യാണ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ വേണമെന്ന നിലപാടും പികെ ശ്രീമതി ആവർത്തിച്ചു.
ചാനൽ പരിപാടിക്കിടെ പരാതി പറയാനായി വിളിച്ച സ്ത്രീയോട് അസഹിഷ്ണുതയോടെ പെരുമാറിയെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെയുള്ള ആരോപണം. അതേസമയം തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വനിത കമ്മീഷനുൾപ്പടെയുളള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും അവർ പറഞ്ഞു. പരാതിക്കാരിയോടെ മോശമായി പെരുമാറിയെന്ന ആരോപണം അവർ നിഷേധിച്ചു.