കൊച്ചി
ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താനയെ കവരത്തി പൊലീസ് എട്ടുമണിക്കൂറോളം ചൊദ്യംചെയ്ത് വിട്ടു. രാവിലെ പത്തരയോടെ കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരായ ആയിഷയെ വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അവർ രണ്ടാംവട്ട ചോദ്യംചെയ്യലിന് ഹാജരായത്. ബുധനാഴ്ചത്തെ ചൊദ്യംചെയ്യലിനുശേഷം ആയിഷയുടെ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആയിഷ ആദ്യം പൊലീസിൽ ഹാജരായത്. രാജ്യദ്രോഹക്കേസിൽ മുൻകൂർ ജാമ്യം തേടിയ ആയിഷയ്ക്ക് അറസ്റ്റുണ്ടായാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഞായറാഴ്ച ആയിഷയെ മൂന്നുമണിക്കൂറോളം ചൊദ്യംചെയ്തു. തുടർന്ന് ലക്ഷദ്വീപിൽത്തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെട്ടു.
പൊലീസിന്റെ നിർദേശപ്രകാരം കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ബുധനാഴ്ച പൊലീസ് ക്വാർട്ടേഴ്സിൽ ഹാജരായത്. ക്വാറന്റൈൻ ലംഘിച്ചെന്നപേരിൽ കഴിഞ്ഞ ദിവസം കലക്ടർ ആയിഷയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചിയിൽനിന്ന് കവരത്തിയിലെത്തിയാൽ പ്രോട്ടോകോൾപ്രകാരം ഏഴുദിവസത്തെ ക്വാറന്റൈൻ പാലിക്കണമെന്നും അതു ലംഘിച്ച് പൊതു ഇടങ്ങൾ സന്ദർശിച്ചെന്നും കാണിച്ചാണ് കലക്ടർ നോട്ടീസ് നൽകിയത്. ചാനൽ ചർച്ചയിൽ ബയോ വെപ്പൺ എന്ന് പരാമർശിച്ചതിന്റെപേരിലാണ് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജി ആയിഷയ്ക്കെതിരെ കവരത്തി പൊലീസിൽ പരാതി നൽകിയത്.















