തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയൽ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവർ പ്രതികൾ. ഗൂഢാലോചന കേസിൽ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചു. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മേയ് മാസത്തിൽ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. നമ്പി നാരായണൻ അടക്കമുള്ളവരെ കേസിൽ ഉൾപ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളാ പോലീസിലേയും ഐബിയിലേയും 18 ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ. പുതിയ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയുമാണ്.
നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടർന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഡി.കെ. ജയിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി സമിതി രൂപികരിച്ചിരുന്നു. കമ്മറ്റി വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
Content Highlights: CBI files FIR in ISRO conspiracy case