തിരുവനന്തപുരം
സംഘടനാ അഴിച്ചുപണിക്കുള്ള കെ സുധാകരന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം കെ മുരളീധരൻ ബഹിഷ്കരിച്ചു.സുധാകരൻ പ്രസിഡന്റായശേഷം ചേർന്ന ആദ്യയോഗത്തിൽ തലസ്ഥാനത്ത് ഉണ്ടായിട്ടും മുരളീധരൻ പങ്കെടുത്തില്ല. യോഗത്തിന് മുമ്പ് സുധാകരൻ നടത്തിയ കൂടിയാലോചനയിൽ മുതിർന്ന നേതാക്കളും മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനെയും എം എം ഹസ്സനെയും ഒഴിവാക്കി. നേതാക്കൾ തന്നെ നീരസം പരസ്യമാക്കിയതോടെ പുനഃസംഘടന അനിശ്ചിതമായി നീളും.
ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം. ഭാരവാഹികളുടെ എണ്ണം 51 ആയി കുറയ്ക്കും. എല്ലാ ഡിസിസി പ്രസിഡന്റുമാരും തെറിക്കും. ഭാരവാഹികളുടെ എണ്ണം ചുരുക്കാനുള്ള സുധാകരന്റെ നിർദേശം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ല. 25ൽ താഴെ മതിയെന്നാണ് സുധാകരനും വി ഡി സതീശനും മുന്നോട്ടുവച്ചത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇത് ഒരുമിച്ചെതിർത്തു. പിന്നീടാണ് മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരുമാരുമുൾപ്പെടെ 51 എന്ന തീരുമാനത്തിലെത്തിയത്.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്പ്പുണ്ടാകില്ലെന്ന് തുടക്കത്തിലേ സുധാകരൻ പ്രഖ്യാപിച്ചു. എന്നാൽ ഇത് മുതിർന്ന നേതാക്കളെ വെട്ടിനിരത്തുന്നതിന്റെ ഭാഗമാണെന്നാണ് സുധാകര വിരുദ്ധർ പറയുന്നത്. അച്ചടക്ക ലംഘനം പൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവും നേതാക്കൾ ഗൗരവത്തിലെടുത്തിട്ടില്ല. സുധാകരനും സതീശനും യോഗത്തിന് മുമ്പ് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല എന്നിവരുമായി കൂടിയാലോചിച്ചു. ഈ യോഗത്തിലേക്ക് മുരളീധരനെയും സുധീരനെയും ഹസ്സനെയും വിളിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് മുരളീധരൻ രാഷ്ട്രീയ കാര്യസമിതി യോഗം ബഹിഷ്കരിച്ചത്. മുരളീധരനുമായി തർക്കമില്ലെന്നും ഫോണിൽ സംസാരിച്ചെന്നുമാണ് സുധാകരൻ പ്രതികരിച്ചത്.